top of page
Church Altar

"Because you have so little faith. Truly I tell you, if you have faith like a grain of mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you "

- Matthew 17:20

സംശയങ്ങൾ

കടപ്പാട് - ഡോ. ഗബ്രിയേൽ‍ മാർ‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ

1.

പരിശുദ്ധനായ ഏക പിതാവും പരിശുദ്ധനായ ഏക പുത്രനും പരിശുദ്ധനായ ഏക റൂഹായുമല്ലാതെ പരിശുദ്ധൻ‍ ഇല്ല എന്ന് വിശുദ്ധ കുർബാനയിലൽ‍ നാം ചൊല്ലുന്നുണ്ടല്ലോ. പിന്നെ എങ്ങിനെയാണ് സഭ പരിശുദ്ധന്മാരെക്കുറിച്ച് പഠിപ്പിക്കുന്നത്?

+

ദൈവമാണ് പരിശുദ്ധനൻ‍, സംശയമില്ല. അതേസമയം ദൈവത്തിന്റെ പരിശുദ്ധിയിൽ പങ്കുകൊണ്ട് ദൈവമക്കളായിത്തീരുന്നവൻ പരിശുദ്ധനാണ്. ദൈവം പരിശുദ്ധൻ എങ്കിൽ ദൈവമക്കളും പരിശുദ്ധർ ‍ അത്രെ. ദൈവമക്കൾ‍ പരിശുദ്ധർ എന്നു പറഞ്ഞിരിക്കുന്ന ധാരാളം ഭാഗങ്ങൾ വേദപുസ്തകത്തിൽ ഉണ്ട് (ആവ. 33:2, 3; 2 ദിന. 6:41; സങ്കീ. 16:3; 30:4; 34:9; ഹോശ. 11:12; സക്ക. 14:5; അപ്പോ. 9:32; 41; 26:10; റോമ. 1:7; 1 കോരി. 1:2; 2 കോരി. 1:1; വെളി. 5:8; 8:3, 4; 11:18).

 

പുതിയനിയമത്തിൽ വിശുദ്ധർ എന്ന പദം വിശ്വാസികളുടെ സംഘത്തെ, സഭയെക്കുറിച്ച് പറയുന്നതിന് ഉപയോഗിക്കുന്ന സാങ്കേതിക പദം കൂടിയാണ്. ദൈവത്തിന്റെ പരിശുദ്ധിയിൽ  നിരന്തരം വളർന്നുമുതിരാൻ വിളിക്കപ്പെട്ടിരിക്കുന്ന ദൈവമക്കളെ വിശുദ്ധർ എന്നു പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്നു. ഈ വിശുദ്ധരുടെ സംഘമാണ് സഭ. സഭ ക്രിസ്തുവിന്റെ ശരീരമാണ്. ക്രിസ്തുശരീരത്തിൽ മരിച്ചവരും നമ്മുടെ കൺമുമ്പിൽ‍ നിന്ന് വാങ്ങിപ്പോയിരിക്കുന്നു എന്നു മാത്രം. അവരും ജീവനോടിരിക്കുന്ന വിശ്വാസികളും ക്രിസ്തുവിന്റെ സഭയാകുന്ന ശരീരത്തിൽ ഒരുപോലെ ജീവനുള്ള അംഗങ്ങൾ തന്നെയാകുന്നു.

ജീവനുള്ളവരും വാങ്ങിപ്പോയവരും തമ്മിൽ സംബന്ധമുണ്ട്. ലൂക്കോ. 9:30-31ൽ മോശയും ഏലിയാവും മറുരൂപമലയിൽ പ്രത്യക്ഷപ്പെട്ട് യേശുവുമായി സംഭാഷിക്കുന്നുണ്ടല്ലോ. ജീവിച്ചിരിക്കുന്ന വിശ്വാസികൾ അന്യോന്യം മധ്യസ്ഥതയർപ്പിക്കുന്നതുപോലെ വാങ്ങിപ്പോയ വിശുദ്ധർ ജീവനുള്ളവർക്കു വേണ്ടിയും ജീവിച്ചിരിക്കുന്ന വിശുദ്ധർ ജീവനുള്ളവർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു. വി. കുർബാന പരസ്യമായി ആരംഭിക്കുന്നതിനു മുമ്പ് ഒരുക്കശുശ്രൂഷയിൽ ദൈവമാതാവായ കന്യക മറിയാമിനു വേണ്ടിയും ആരംഭം മുതൽ ഇന്നയോളമുള്ള ജീവനുള്ളവരും പരേതരുമായ എല്ലാ വിശുദ്ധർക്കുവേണ്ടിയും സഭ മദ്ധ്യസ്ഥതയണക്കുന്നുണ്ട്. ദൈവമാതാവു തുടങ്ങി വിശുദ്ധരുടെ മധ്യസ്ഥതയ്ക്കായി അപേക്ഷിക്കുന്നുമുണ്ട്.

 

സഭയെപ്പറ്റി സമഗ്രമായ ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ജീവനോടിരിക്കുന്നവരും പരേതരുമായ പരിശുദ്ധർ തമ്മിലുള്ള സംസർഗ്ഗത്തേക്കുറിച്ചുള്ള വിശ്വാസം വേരുറയ്ക്കുകയുള്ളു.

2.

പീലാത്തോസിന്റെ അരമനയിൽ‍ നിന്നും കർത്താവിനെ കാൽവറിയിലേക്ക് കുരിശ് ചുമപ്പിച്ചുകൊണ്ടുപോയ വഴിയിൽ പതിനാല് സ്ഥാനങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നതായി യെരുശലേം സന്ദർശന സമയത്ത് കാണുവാനിടയായി. ഇവയ്ക്ക് ഓരോ പ്രാധാന്യവും കൊടുത്തുകാണുന്നു. പല കത്തോലിക്കാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയെ അനുകരിക്കുന്ന രീതിയിൽ സ്ഥാനങ്ങൾ തിട്ടപ്പെടുത്തി പ്രദക്ഷിണം വെക്കാറുണ്ടല്ലോ. ഇതേ സംബന്ധിച്ച് നമ്മുടെ സഭയുടെ പ്രബോധനം എന്താണ്?

+

കുരിശിന്റെ വഴി റോമൻ കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിലുള്ളതാണ്. പീലാത്തോസ് ക്രിസ്തുവിനെ ക്രൂശിക്കാനായി യഹൂദന്മാർക്ക് ഏൽപ്പിച്ചുകൊടുക്കുന്നതു മുതൽ ക്രൂശീകരണം കഴിഞ്ഞ് കബറിൽ വെക്കുന്നത് വരെയുള്ള സംഭവങ്ങൾ പതിനാല് ഘട്ടങ്ങളായി ചിത്രീകരിച്ചുകൊണ്ടുള്ളതാണ് കുരിശിന്റെ വഴി കുരിശിന്റെ സ്ഥാനങ്ങൾ എന്നും വിളിക്കുന്നു. യെരുശലേമിലാണ് കുരിശിന്റെ വഴി പതിനാല് സ്ഥാനങ്ങൾ അടയാളപ്പെടുത്തി ആദ്യമായി ഉണ്ടാക്കിയത്. 1342-ൽ റോമൻ കത്തോലിക്കാസഭയിലെ ഫ്രാൻസിഷ്യൻ സന്യാസസമൂഹം യെരുശലേമിലെ പുണ്യസ്ഥലങ്ങൾ കൈവശപ്പെടുത്തി. ക്രിസ്തുവിന്റെ പീഡാനുഭവത്തോടുള്ള ഭക്തി വർദ്ധിപ്പിക്കുവാനായി അവർ ഉണ്ടാക്കിയതാണ് കുരിശിന്റെ വഴിയും അതിലെ പതിനാല് സ്ഥാനങ്ങളും. ഓരോ സ്ഥാനത്തും ചെല്ലുമ്പോൾ ക്രിസ്തുവിന്റെ പീഡാനുഭവം സ്മരിച്ച് ഹൃദയം ദുഃഖാർദ്രമായി ധ്യാനിക്കുന്നതിന് തീർത്ഥാടകനെ സഹായിക്കുന്നതാണ് ഈ സംവിധാനം എന്ന് പൊതുവെ പറയാം.

റോമൻ കത്തോലിക്കാ സഭയിൽ പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളിൽ‍ക്രിസ്തുവിന്റെ പീഡാനുഭവം പ്രത്യേകം ധ്യാനവിഷയമാക്കുന്ന പതിവ് വ്യാപകമായിത്തീർന്നു. ഈ പശ്ചാത്തലത്തിലാണ് ഫ്രാൻസിഷ്യൻ സന്യാസ സമൂഹം, പീലാത്തോസിന്റെ അരമനയിൽ നിന്നും ഗോഗുൽത്തായിലേക്കുള്ള വഴി പതിനാല് സ്ഥാനങ്ങൾ അടയാളപ്പെടുത്തി കുരിശിന്റെ വഴി എന്ന് നാമകരണം ചെയ്തത്. ഈ പതിനാല് സ്ഥാനങ്ങളിലും ഭക്തിപൂർവ്വം പ്രാർത്ഥിക്കുന്ന തീർത്ഥാടകന് പാപമോചനം കിട്ടും എന്നാണ് വിവക്ഷ. എന്നാൽ എല്ലാവർക്കും യെറുശലേം സന്ദർശിക്കുന്നതിന് നിർവ്വാഹമില്ലാത്തതിനാൽ കത്തോലിക്കാ ദേവാലയങ്ങളിൽ തന്നെ ഗോഗുൽത്തായിലേക്കുള്ള വഴി ചിത്രീകരിക്കുന്ന പതിവ് ക്രമേണ ആവിർഭവിച്ചു. കുരിശിന്റെ വഴിയുടെ പതിനാല് സ്ഥാനങ്ങൾ ഒന്നുകിൽ പള്ളിക്കുള്ളിൽത്തന്നെയൊ അല്ലെങ്കിൽ പള്ളിയോട് ചേർന്നോ ചിത്രീകരിച്ചിരിക്കുന്നു. ഓരോ സ്ഥലങ്ങളിലും പോയി നിന്ന് ധ്യാനിച്ച് പ്രാർത്ഥിക്കുന്നവർക്ക് പാപമോചനം ലഭിക്കും എന്നാണ് കത്തോലിക്കാ സഭയുടെ പ്രബോധനം.

ഓർത്തഡോക്സ് സഭകളിൽ ഒന്നുംതന്നെ ഈ പാരമ്പര്യം കാണുന്നില്ല. ക്രിസ്തുവിന്റെ പുനരുത്ഥാനത്തേക്കാൾ പീഡാനുഭവത്തിന് പ്രാധാന്യം നൽകുന്ന പതിവ് ഓർത്തഡോക്സ് പാരമ്പര്യത്തിലില്ല മാത്രമല്ല, പീഡാനുഭവത്തേയും പുനരുത്ഥാനത്തേയും രണ്ടായി വേർതിരിച്ചു കാണുന്ന പതിവും ഓർത്തഡോക്സ് സഭകളിലില്ല. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനാണ് പീഡാനുഭവത്തേക്കാൾ ഓർത്തഡോക്സ് സഭാ പാരമ്പര്യത്തിൽ പ്രധാനം. ഇക്കാരണത്താലാണ് ഓർത്തഡോക്സ് സഭ ഉപയോഗിക്കുന്ന കുരിശിൽ, ക്രിസ്തുവിന്റെ ക്രൂശിതരൂപമോ ചിത്രമോ കാണാത്തത്. പാപത്തെയും പിശാചിനെയും മരണത്തെയും ജയിച്ച് പുനരുത്ഥാനം ചെയ്ത ക്രിസ്തുവിനെ സൂചിപ്പിക്കുന്നതാണ് കുരിശ്. പുനരുത്ഥാനത്തിന്റെ പശ്ചാത്തലത്തിലല്ലാതെ പീഡാനുഭവത്തെ കാണാനാവില്ല. സഭയുടെ ഏറ്റവും വലിയ പെരുന്നാൾ പുനരുത്ഥാന പെരുന്നാളാണ്. ക്രൂശീകരണപ്പെരുന്നാളല്ല. ഓശാനയും പെസഹായും ക്രൂശീകരണവും പുനരുത്ഥാനത്തിലേക്ക് നയിക്കുന്ന സംഭവങ്ങളാണ്. ഇടക്കാലത്ത് റോമൻ കത്തോലിക്കാ സഭയിൽ ആവിർഭവിച്ച കുരിശിന്റെ വഴി ചരിത്രപരമായും വേദശാസ്ത്രപരമായും ഓർത്തഡോക്സ് സഭകൾക്ക് സ്വീകാര്യമല്ല എന്നു ചുരുക്കം.

3.

വി. കുർബാനാനുഭവത്തിന് ശേഷം അന്നു തന്നെ കുമ്പിടാൻ പാടുണ്ടോ? മുട്ടിന്മേൽ  നിന്ന് പ്രാർത്ഥിക്കാമോ?

+

കുമ്പിടുന്നതും മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്നതും പ്രധാനമായും അനുതാപത്തിന്റെയും ആത്മതപനത്തിന്റെയും ഭാഗമാണ്. എന്നാൽ ആഹ്ലാദമാണ് വി. കുർബാനയുടെ അടിസ്ഥാനഭാവം. അതുകൊണ്ട് വി. കുർബാനാനുഭവത്തിന് ശേഷം കുമ്പിടുന്നതും മുട്ടിന്മേൽ നിന്നു പ്രാർത്ഥിക്കുന്നതും പൊതുആരാധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഓർത്തഡോക്സ് പാരമ്പര്യത്തിൽ വി. കുർബ്ബാന അനുഭവിക്കുന്നതു തന്നെ നിന്നുകൊണ്ടാണ്. ഇത് പുരാതനകാലം മുതലുള്ള സഭയുടെ പാരമ്പര്യമാണ്. വി. കുർബ്ബാനാനുഭവത്തിനു ശേഷം മാത്രമല്ല വി. കുർബ്ബാനയുടെ അനുഷ്ഠാന സമയത്തും ആരാധക സമൂഹം കുമ്പിട്ടോ മുട്ടിന്മേൽ നിന്നോ പ്രാർത്ഥിക്കുന്ന രീതി ഓർത്തഡോക്സ് പാരമ്പര്യത്തിലില്ല. ഇതും മുൻപറഞ്ഞ കാരണംകൊണ്ട് തന്നെയാണ്.

 

എന്നാൽ അതേസമയം വി. കുർബ്ബാന അർപ്പിക്കുന്ന പുരോഹിതന്‍വി. കുർബ്ബാനാനുഷ്ഠാനത്തോടനുബന്ധിച്ച് നാലു പ്രാവശ്യം മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്നുണ്ട്. മൂന്നു പ്രാവശ്യം രഹസ്യമായും ഒരു പ്രാവശ്യം പരസ്യമായും. ഒരുക്കശുശ്രൂഷയുടെ സന്ദർഭത്തിലും വി. കുർബാന അനുഭവത്തിന് തൊട്ടു മുമ്പും വി. കുർബാനയുടെ അന്ത്യത്തിലും പുരോഹിതൻ  രഹസ്യമായി മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുന്നു. വിശ്വാസപ്രമാണം കഴിഞ്ഞ് വി. ത്രോണോസിന്റെ പദവിയിൽ നിന്നുകൊണ്ട് വി. കുർബ്ബാനയുടെ പ്രധാനഭാഗം ആരംഭിക്കുന്നതിന് മുമ്പ് പുരോഹിതന്‍ പരസ്യമായും മുട്ടുകുത്തി പ്രാർത്ഥിക്കുന്നു. ജനത്തിന് മുഴുവനുംവേണ്ടി മദ്ധ്യസ്ഥത അണച്ചുകൊണ്ടും അതിനായി തന്നെ പ്രാപ്തനാക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുമാണ് പുരോഹിതൻ ഈ സമയം പ്രാർത്ഥിക്കുക. എന്നാൽ ഈ സന്ദർഭങ്ങളിലെല്ലാം ജനങ്ങൾ നിന്നുകൊണ്ടു തന്നെയാണ് പ്രാർത്ഥിക്കുന്നത്. ചുരുക്കത്തിൽ വി. കുർബാനയുടെ സന്ദർഭത്തിലും വി. കുർബാന അനുഭവിച്ചതിനുശേഷം അന്നും കുമ്പിടുന്നതും മുട്ടിന്മേൽ നിന്നു പ്രാർത്ഥിക്കുന്നതും പൊതു ആരാധനയിൽ‍ വേണ്ടതില്ല എന്നാണ് സഭയുടെ നിയമം. എന്നാൽ ജനങ്ങളുടെ പ്രതിനിധിയായി ദൈവസന്നിധിയിൽ മുട്ടുകുത്തി മദ്ധ്യസ്ഥത അണയ്ക്കുന്നതിന് പുരോഹിതൻ വിശേഷാൽ അധികാരവും നൽകിയിരിക്കുന്നു

4.

ബുധനാഴ്ചയും വെള്ളിയാഴ്ചയും നോമ്പെടുത്ത് ഉപവസിക്കുന്നതിന്റെ പ്രാധാന്യം എന്താണ്? ഈ ദിവസങ്ങളിൽ‍ മത്സ്യമാംസാദികൾ‍രാവിലെ മുതൽ  വർജ്ജിച്ചാൽ മതിയോ? അതോ തലേ ദിവസം സന്ധ്യ മുതൽ വേണമോ??

+

ബുധനാഴ്ച കർത്താവിനെ എങ്ങനെയും കൊല്ലുന്നതിന് യഹൂദന്മാര്‍ ഗൂഢാലോചന നടത്തി. കർത്താവിന്റെ പീഡാനുഭവത്തിലേക്ക് നയിക്കുന്ന ഈ സംഭവങ്ങൾ നടന്ന ദിനമാണ് ബുധനാഴ്ച. വെള്ളിയാഴ്ചയാകട്ടെ നമ്മുടെ രക്ഷയ്ക്കായി കർത്താവ് ക്രൂശിന്മേൽ സ്വയം യാഗമായി അർപ്പിച്ചു. രണ്ടു ദിവസങ്ങളും കർത്താവിന്റെ പീഡാനുഭവത്തോടും ക്രൂശ് മരണത്തോടും ബന്ധപ്പെട്ട ദിനങ്ങളത്രെ. ഇക്കാരണത്താൽ ഈ ദിവസങ്ങളിൽ വ്രതാനുഷ്ഠാനങ്ങളോടെ നോമ്പ് നോറ്റ് ഉപവസിക്കുന്നത് ഉചിതമായി സഭ കാണുന്നു. പൗരസ്ത്യ സഭകൾ കർത്താവിന്റെ പീഡാനുഭവവും ക്രൂശാരോഹണവും പുനരുത്ഥാനത്തോടനുബന്ധിപ്പിച്ച് ചിന്തിക്കുന്നു. കർത്താവിന്റെ പുനരുത്ഥാന ദിനമായ ഞായറാഴ്ചയിൽ വി. കുർബാന അനുഷ്ഠിക്കുന്നതിനും അനുഭവിക്കുന്നതിനും വേണ്ടിയുള്ള ഒരുക്കമായാണ് ബുധനും വെള്ളിയും നോമ്പ് നോറ്റ് ഉപവസിക്കുന്നത്. നമുക്ക് പാതിരാ മുതൽ പാതിരാവരെയാണ് സാധാരണ ദിവസം. എന്നാൽ പൗരസ്ത്യ ഓർത്തഡോക്സ് സഭാ പാരമ്പര്യത്തിൽ  ആരാധനാ ദിവസം അങ്ങനെയല്ല. സന്ധ്യ മുതൽ സന്ധ്യ വരെയാണത്. ഇക്കാരണത്താൽ നോമ്പും വ്രതനിഷ്ഠയും സന്ധ്യ മുതൽ സന്ധ്യ വരെയായിരിക്കണമെന്ന് സഭ നിർദ്ദേശിക്കുന്നു.

5.

നമ്മുടെ വിവാഹ കൂദാശയിൽ‍ കിരീടവാഴ്‌വിന്റെ ശുശ്രൂഷ നടത്തുന്നുണ്ടല്ലോ. മണവാട്ടി നെറ്റും മുടിയും ധരിച്ചു വരുന്നപക്ഷം അത് നീക്കാതെ കിരീടവാഴ്‌വ് നടത്താമോ?

+

പാടില്ല. നെറ്റും മുടിയും കൂടാതെ മണവാട്ടി വിവാഹകൂദാശയ്ക്കായി ഒരുങ്ങിവരേണ്ടതാണ്. അവ ധരിച്ചുവരുന്നപക്ഷം വിവാഹ കൂദാശയുടെ രണ്ടാം ഭാഗമായ കിരീടവാഴ്‌വിന്റെ ശുശ്രൂഷ ആരംഭിക്കുന്നതിന് മുമ്പ് അവ നീക്കം ചെയ്തിരിക്കണം.

മണവാട്ടിമാർ നെറ്റും മുടിയും അണിയുന്ന രീതി പാശ്ചാത്യ സംസ്ക്കാരത്തിൽ നിന്നു വന്നിട്ടുള്ളതാണ്. നമ്മുടെ നാട്ടിൽ പാശ്ചാത്യസഭാപാരമ്പര്യങ്ങളിൽ പെട്ട സഭകൾ ഈ രീതി അനുവർത്തിക്കുന്നു. എന്നാൽ പൗരസ്ത്യ പാരമ്പര്യത്തിൽ നിലനിൽക്കുന്ന ഓർത്തഡോക്സ് സഭയിൽ നടക്കുന്ന വിവാഹ കൂദാശയ്ക്ക് മണവാട്ടി അതിന് ചേരുന്നവിധത്തിൽ ഒരുങ്ങിവരണം.

 

പുരോഹിതൻ ഇരുകൈകളും മണവാളന്റെയും മണവാട്ടിയുടെയും തലയിൽ വെച്ച് അനുഗ്രഹിച്ച് വലതുകൈയിൽ മാലയെടുത്ത് ഉയർത്തി മൂന്നു പ്രാവശ്യം ആവസിപ്പിച്ച് മാല അണിയിക്കുന്നു. ഇതിന് തടസ്സമുണ്ടാക്കുന്നതാണ് നെറ്റും മുടിയും. ഇക്കാരണത്താൽ തന്നെയാണ് വിവാഹ ശുശ്രൂഷയുടെ രണ്ടാം ഭാഗമാകുമ്പോൾ മണവാട്ടി ശിരസ്സു മറയ്ക്കാതെ നിൽക്കുന്നതും.

 

ഇതരസഭകളിലെ രീതികൾ അന്ധമായി അനുകരിക്കാൻ പാടുള്ളതല്ല.

6.

ആരാധനാ സമയത്ത് സ്ത്രീകൾ ശിരസ്സു മൂടുന്നതെന്തിന്?

+

വേദപുസ്തക പാരമ്പര്യത്തിൽ അന്തസ്സും ആഭിജാത്യവും ശിക്ഷണവുമുള്ള സ്ത്രീകൾ ശിരസ്സും ശരീരവും മറിച്ച് വസ്ത്രധാരണം ചെയ്യുന്നു. ആരാധനയ്ക്ക് മാത്രമല്ല പൊതുജീവിതത്തിലും ഇതായിരുന്നു രീതി. ശിരസ്സു മൂടി നിൽക്കുന്നത് സ്ത്രീകൾക്ക് മാനവും ശിരസ്സു മൂടാതെ നിൽക്കുന്നത് പുരുഷന്മാർക്ക് മാനവും എന്ന് പൗലോസ് അപ്പോസ്തോലൻ പറയുന്നുണ്ടല്ലോ (1 കോരി. 11:1-16). ആരാധനാ സന്ദർഭത്തിലാണ് വി. പൗലോസ് ഈ നിർദ്ദേശം നൽകുന്നത്. ഇതിന് ഒരു പശ്ചാത്തലം ഉണ്ടായി. കൊരിന്തു പട്ടണത്തിൽ ക്ഷേത്രങ്ങളിൽ ദേവീ ദേവ പ്രസാദത്തിനായി സ്ത്രീകൾ അഴിഞ്ഞാടി നൃത്തം ചെയ്തിരുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു ക്രിസ്തീയ സംസ്ക്കാരം വി. പൗലോസ് നിർദ്ദേശിക്കുന്നു. തല മൂടി വസ്ത്രത്തുമ്പ് മുമ്പോട്ടിട്ട് ശരീരം മറച്ചുനിന്നു പ്രാർത്ഥിക്കുന്നതാണ് സ്ത്രീകൾക്ക് ഉചിതവും മാനവും. സ്ത്രീകളെ തരം താഴ്ത്താനല്ല പൗലോസ് അപ്പോസ്തോലൻ ഇത് പറയുന്നത്. അവരുടെ മാന്യത നിലനിർത്താനാണ്. ആരാധന സന്ദർഭത്തിൽ പ്രത്യേകിച്ചും ഈ രീതി അനുവർത്തിക്കണമെന്ന് സഭ നിർദ്ദേശിക്കുന്നതിൽ ഒരു പ്രായോഗികബുദ്ധിയും ഉണ്ടെന്നുള്ളതിന് സംശയമില്ല.

7.

സ്ത്രീകൾ ആരാധനാ സന്ദർഭത്തിൽ  'ശിരസ്സ് മറച്ച് നിൽക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുമ്പോൾ ശിരസ്സ് മൂടി നിൽക്കുന്നത് സ്ത്രീകൾക്ക് മാനവും ശിരസ്സ് മൂടാതെ നിൽക്കുന്നത് പുരുഷന്മാർക്ക് മാനവും’ എന്ന പൗലോസ് അപ്പോസ്തോലന്റെ പ്രബോധനം അച്ചൻ ഉദ്ധരിക്കുകയുണ്ടായല്ലോ. ഇത് വായിച്ച് ചില കത്തോലിക്കാ സഭാംഗങ്ങൾ ഇങ്ങനെ ചോദിക്കുന്നു: ഓർത്തഡോക്സ് സഭയിലെ വൈദികർ തൊപ്പി ധരിക്കുന്നത് പരുഷന്മാർ ശിരസ് മൂടുന്നതുപോലെയുള്ള മാനക്കേടല്ലേ ഉണ്ടാക്കുന്നത്?

+

ആരാധനാസന്ദർഭത്തിൽ സ്ത്രീകൾ ശിരസ്സ് മൂടുന്നതും പുരോഹിതന്മാർ തൊപ്പി ധരിക്കുന്നതും ഒരേ ഉദ്ദേശ്യത്തിലല്ല. രണ്ടിനും രണ്ട് അടിസ്ഥാനങ്ങളാണുള്ളത്. ആരാധനാസമയം പുരോഹിതർ തൊപ്പി ധരിക്കുന്ന രീതി യഹൂദപാരമ്പര്യത്തിൽ നിന്നും ക്രിസ്തീയ സഭയിലേക്ക് കടന്നുവന്നതാണ്. യഹൂദന്‍ പ്രത്യേകിച്ചും യഹൂദപുരോഹിതന്‍ പ്രാർത്ഥിക്കുമ്പോൾ തലയിൽ തൊപ്പി ധരിക്കുന്നു. കത്തോലിക്കാസഭയിലും ഈ പാരമ്പര്യമുണ്ട്. പ്രത്യേകിച്ചും മാർപാപ്പായും മെത്രാന്മാരും വി. കുർബാന അനുഷ്ഠിക്കുമ്പോൾ ചെറിയ തൊപ്പി ധരിക്കുന്നു. അടുത്ത കാലത്തായി കത്തോലിക്കാ മെത്രാന്മാർ ഈ പതിവ് ഇന്നും നിലനിർത്തുന്നതായി കാണാം. പ്രത്യേക സന്ദർഭങ്ങളിൽ വലിയ മുതലവായൻ തൊപ്പി ധരിച്ച് കത്തോലിക്കാ സഭയിലെ മെത്രാന്മാരും മാർപാപ്പായും വി.കുർബാന അനുഷ്ഠിക്കുന്നതായി കാണുന്നു. ഇക്കാര്യത്തിൽ തൊപ്പിയുടെ ആകൃതിയിലുള്ള വ്യത്യാസമേ ഇരുസഭകളും തമ്മിലുള്ളു.

 

മധ്യപൂർവ്വ ഏഷ്യയിലെ പ്രധാന മതങ്ങളിലെല്ലാം പുരുഷന്മാർ‍ പ്രാർത്ഥിക്കുമ്പോൾ തൊപ്പി ധരിക്കുന്നതായി കാണുന്നു. മുകളിൽ സർവ്വാധികാരിയായി ഒരു ദൈവമുണ്ടെന്നും ആ അധികാരത്തിൻ കീഴിൽ നിൽക്കുന്ന ആളാണ് താനെന്നും ഓർമ്മിപ്പിക്കുന്നതിനാണ് ഇവർ തൊപ്പി ധരിക്കുന്നത്. മദ്ധ്യപൂർവ്വ ഏഷ്യയിൽ ആവിർഭവിച്ച് യഹൂദ, ക്രിസ്തീയ, ഇസ്ലാം മതപാരമ്പര്യങ്ങളിൽ പൊതുവെ ഈ ആചാരം കണ്ടുവരുന്നു.

8.

കർത്താവിനുണ്ടായ പരീക്ഷകൾ (മത്തായി 4:1-11, മർക്കോസ് 1:12-13, ലൂക്കോസ് 4:1-13) സംഭവിച്ചതോ അതോ സങ്കല്പകഥയോ?

+

സംഭവിച്ചത് തന്നെയാണ്. എന്നാൽ, പല ആധുനിക വേദപണ്ഡിതന്മാരും പ്രത്യേകിച്ച് പാശ്ചാത്യ പണ്ഡിതന്മാർ ഇത് അംഗീകരിക്കുന്നില്ല. കെട്ടുകഥയായി കരുതുന്നു. ഇതിന് അവർ ചൂണ്ടിക്കാണിക്കുന്ന കാരണം പിശാച് നേരിട്ട് ഒരു മനുഷ്യനെപ്പോലെ കർത്താവിനോട് സംസാരിക്കുന്നതായി പറഞ്ഞിരിക്കുന്നു എന്നതാണ്. ഒന്നാമത്തെ പരീക്ഷ കഴിഞ്ഞ ഉടനെ രണ്ടാമത്തെ പരീക്ഷയ്ക്കായി “പിശാച് അവനെ വിശുദ്ധ ദേവാലയത്തിന്റെ അഗ്രത്തിൽ നിർത്തി” എന്നും അതിനുശേഷം മൂന്നാമത്തെ പരീക്ഷയ്ക്കായി “പിശാച് അവനെ ഏറ്റം ഉയർന്നൊരു മലയിൽ കൂട്ടിക്കൊണ്ടു പോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു” എന്നിങ്ങനെയുള്ള പ്രസ്താവനകളാണ് വേദപുസ്തകത്തിൽ കാണുന്നത്. ഇവ സാധാരണ മനുഷ്യരുടെ യുക്തിബോധത്തിനു നിരക്കുന്നവയോ അനുഭവങ്ങളിൽ വരുന്നവയോ അല്ല. അതുകൊണ്ട് അവിശ്വസനീയമായി തോന്നാം. ആദ്ധ്യാത്മികതയുടെ ഉയർന്നപടികളിലേക്ക് കയറിച്ചെല്ലുന്നവർക്കുണ്ടാവുന്ന അനുഭവങ്ങളാകുന്നു ഇവ. ഇതിന് വേണ്ടത്ര ഉദാഹരണങ്ങൾ പൗരസ്ത്യ ക്രിസ്തീയ പിതാക്കന്മാരുടെ ജീവിതത്തിൽ കാണാൻ  കഴിയും. ഉദാഹരണമായി സന്യാസ പിതാവായ മഹാനായ അന്തോണിയോസിന്റെ (എ.ഡി. 251-356) ജീവിതത്തിൽ ഇതിനു സമാനമായ സംഭവങ്ങൾ കാണുന്നുണ്ട്. അന്തോണിയോസിന്റെ ജീവിതത്തിലെ ആദ്ധ്യാത്മികമായ വളർച്ചയുടെ ഒരു ഘട്ടത്തിൽ പിശാചുക്കൾ അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ തന്നെ ശാരീരികമായി പീഡിപ്പിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇത് കെട്ടുകഥയല്ല. ചരിത്ര സത്യം തന്നെയാണ്. അന്തോണിയോസിന്റെ ജീവചരിത്രമെഴുതിയ മഹാനായ അത്താനാസ്യോസ് തന്നെയാണ് ഈ സംഭവവും രേഖപ്പെടുത്തിയിരിക്കുന്നത്.

 

മനുഷ്യന്റെ സാമാന്യബോധത്തിനും അനുഭവത്തിനും അപ്പുറമുള്ളതെല്ലാം അസത്യമാണെന്നും അന്ധവിശ്വാസമാണെന്നും കരുതുന്ന പ്രവണത 18-ാം നൂറ്റാണ്ടു മുതൽ‍ പ്രബുദ്ധത എന്ന പേരിൽ യൂറോപ്പിൽ ആവിർഭവിച്ചതാണ്. ഇന്നും പാശ്ചാത്യ പണ്ഡിതന്മാർ ഈ സ്വാധീനത്തിൽ നിന്നു വിമുക്തരല്ല. അവർ പറയുന്നതെന്തും അപ്പാടെ സ്വീകരിക്കുന്നവരാണ് കർത്താവിന്റെ പരീക്ഷ പോലുള്ള സംഭവങ്ങൾ ചരിത്ര സത്യങ്ങളല്ലെന്ന് നിഷേധിക്കുന്നത്. പൗരസ്ത്യ മതങ്ങളുടെയും പൗരസ്ത്യ ക്രിസ്തീയ പൈതൃകത്തിന്റെയും പശ്ചാത്തലത്തിൽ വേദപുസ്തകത്തെ വായിക്കാനും വ്യാഖ്യാനിക്കാനും കഴിയുമെങ്കിൽ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വിഷമമുണ്ടാകില്ല.

9.

ദൈവത്തിന് രൂപമുണ്ടോ? ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചുവെന്ന് ഉല്പത്തി പുസ്തകത്തിൽ‍ കാണുന്നുണ്ടല്ലോ? ദൈവത്തിന് രൂപമുണ്ടെന്നല്ലേ ഇതിനർത്ഥം?

+

ഈ ചോദ്യത്തിന് രണ്ടുത്തരവും നല്കാം. ദൈവത്തിന് രൂപമില്ലെന്നും ഉണ്ടെന്നും. ദൈവം മനുഷ്യന്റെ സ്വരൂപിയായി പ്രത്യക്ഷപ്പെടുന്നതിന് വേണ്ടുവോളം ഉദാഹരണങ്ങൾ വേദപുസ്തകത്തൽ തന്നെയുണ്ട്. മെമ്രേയുടെ തോപ്പിൽ വച്ച് അബ്രഹാമിന് ദൈവം മൂന്നു പുരുഷന്മാരുടെ രൂപത്തിൽ പ്രത്യക്ഷമായി (ഉല്പ. 18). യാക്കോബ് പെനിയേലിൽ വച്ച് ദൈവത്തെ പുരുഷരൂപത്തിൽ മുഖാമുഖം കണ്ടു (ഉല്പ. 32:24-30). “ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശയോട് അഭിമുഖമായി സംസാരിച്ചു” (പുറ. 33:11). ഇങ്ങനെ നിരവധി വേദഭാഗങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. എന്നാൽ, അതേസമയം തന്നെ ദൈവം മനുഷ്യ സങ്കല്പങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും അതീതനാണെന്നു കാണിക്കുന്ന വേദഭാഗങ്ങളുമുണ്ട്. പുറ. 24:10-ൽ ‘അവർ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു’ എന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ കണ്ടതാകട്ടെ ദൈവരൂപമല്ല ദൈവസാന്നിദ്ധ്യത്തെ വലയം ചെയ്തു നിൽക്കുന്ന അഭൗമ തേജസ്സായിരുന്നു. പുറ. 33:18-ല്‍ മോശ ദൈവത്തോട് നിന്റെ തേജസ്സ് എനിക്ക് കാണിച്ചുതരേണം എന്ന് അപേക്ഷിക്കുന്നു. മോശയെ ഒരു പിളർപ്പിലാക്കി ദൈവതേജസ്സ് കടന്നു പോകുവോളം ദൈവം തന്റെ കൈ കൊണ്ട് അവനെ മറച്ചു. കൈ നീക്കുമ്പോൾ കടന്നുപോയ ദൈവതേജസ്സിന്റെ ശോഭ പിന്നിൽ നിന്നു കാണാനേ മോശയ്ക്ക് കഴിഞ്ഞുള്ളു. “എന്റെ മുഖമോ കാണാവതല്ല” എന്ന് യഹോവയുടെ അരുളപ്പാടും (പുറ. 33:3) കാണാൻ കഴിയും. പുറ. 33-ല്‍ തന്നെ 11-ാം വാക്യവും 23-ാം വാക്യവും പൂർവ്വാപര വിരുദ്ധമായി രേഖപ്പെടുത്തുന്നതിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന സത്യം ദൈവം ഒരേസമയം അരൂപിയും സരൂപിയും ആണെന്നത്രെ.

 

ഇതെങ്ങനെ വിശദീകരിക്കുവാൻ കഴിയും? പിതാക്കന്മാരുടെ പ്രബോധനം ഇങ്ങനെയാണ്. ദൈവം തന്റെ ഉണ്മയിൽ അരൂപിയാണ്. ലോകാതീത പ്രകൃതിയാണ്. ഇന്ദ്രിയങ്ങൾക്ക് അഗോചരനാണ്. ഇന്ദ്രിയ വിധേയമായി വരുന്ന രൂപമായി മാത്രം ദൈവത്തെ സങ്കല്പിക്കുന്നെങ്കിൽ ആ ദൈവം മനുഷ്യ സൃഷ്ടിയാകുന്നു; വിഗ്രഹമായി തീരുന്നു. ദൈവം ഒന്നിന്റെയും സൃഷ്ടിയല്ല. എല്ലാറ്റിന്റെയും സ്രഷ്ടാവാകുന്നു. പിന്നെങ്ങനെ ദൈവം സരൂപിയായി തീരും.

 

ദൈവം സരൂപിയായി കാണപ്പെടുന്ന മൂന്നു തലങ്ങൾ വേദപുസ്തകത്തിലുണ്ട്. ഒന്ന്: ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. കാണപ്പെടാവതല്ലാത്ത ദൈവത്തിന്റെ കാണപ്പെടുന്ന രൂപമാണ് മനുഷ്യൻ. എന്നാൽ, മനുഷ്യൻ ദൈവമല്ല, സൃഷ്ടി മാത്രമാണ്. ദൈവം സ്രഷ്ടാവും. ദൈവം സരൂപിയായി തീരുന്ന രണ്ടാമത്തെ തലം മുമ്പ് സൂചിപ്പിച്ചിട്ടുള്ളപ്രകാരം ദൈവദൂതന്മാരുടെയും മനുഷ്യരുടെയും രൂപത്തിൽ മനുഷ്യരക്ഷയ്ക്കുവേണ്ടി ലോകത്തിൽ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങളാണ്. ദൈവം സരൂപിയായി കാണുന്ന മൂന്നാമത്തെ തലം പുത്രൻ തമ്പുരാന്റെ മനുഷ്യാവതാരമാണ്. “വചനം ജഢമായി തീർന്നു. കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു” (യോഹ.1:14). അപരിമിതനും അപരിമേയനുമായ ദൈവം എങ്ങനെ ഇന്ദ്രിയങ്ങൾക്ക് വിധേയനായി കാണപ്പെടും? എങ്ങനെ മനുഷ്യനായി തീരും? ദൈവം മനുഷ്യരോട് ഇടപെടുമ്പോൾ മനുഷ്യ സ്നേഹത്തെപ്രതി സ്വീകരിക്കുന്ന ഒരു പ്രത്യേക വ്യവസ്ഥയാണ്, നിയമമാണ് ഇത് എന്ന് പിതാക്കന്മാര്‍ വിശദീകരിക്കുന്നു. ‘വീട്ടുനിയമം’ എന്ന് വാച്യാർത്ഥം വരുന്ന ഗ്രീക്കുപദമാണ് (മ്ദബ്റോനൂതോ എന്നാണ് സുറിയാനി പദം) ഈ കാര്യത്തെ വിശദീകരിക്കുവാനായി സഭാപിതാക്കന്മാർ ഉപയോഗിക്കുന്നത്. മനുഷ്യപരിമിതികൾക്ക് അതീതനായ ദൈവം, മനുഷ്യ സ്നേഹത്തെപ്രതി ലോകത്തിൽ ഇടപെടുന്നതിന് സ്വീകരിക്കുന്ന പ്രത്യേക വ്യവസ്ഥയാണത്. ഇങ്ങനെ വിശാലമായ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു മാത്രമേ ദൈവം ഒരേസമയം അരൂപിയും സരൂപിയുമാണെന്ന വൈരുദ്ധ്യാത്മക സത്യം മനസ്സിലാക്കുവാൻ കഴിയൂ.

10.

നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവ് നിങ്ങൾക്ക് നൽകും. അല്ലാതെ, മാതാവിന്റെ നാമത്തിൽ അപേക്ഷിക്കുവാൻ എങ്ങും പറയുന്നില്ല. മദ്ധ്യസ്ഥപ്രാർത്ഥന ശരിയോ?

+

ഈ ചോദ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ പാദത്തിൽ നിന്നു തുടങ്ങാം. മദ്ധ്യസ്ഥ പ്രാർത്ഥന ശരിയോ? നാം അന്യോന്യം പ്രാർത്ഥിക്കുന്നുണ്ടല്ലോ. അതിന് മദ്ധ്യസ്ഥപ്രാർത്ഥന എന്നല്ലേ പറയുക. അപ്പോൾ  മദ്ധ്യസ്ഥ പ്രാർത്ഥന ശരി തന്നെ. എന്നു മാത്രമല്ല ക്രിസ്തീയജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ധർമ്മവും കൂടിയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം.

 

ഈ ചോദ്യത്തിന് പിന്നിലെ അടിസ്ഥാനപരമായ പ്രശ്നം മറ്റൊന്നാണ്. നിദ്ര പ്രാപിച്ച പരിശുദ്ധന്മാർക്ക് മദ്ധ്യസ്ഥത അർപ്പിക്കുവാൻ കഴിയുമോ? കഴിയും. ഇതിന് വേദാടിസ്ഥാനമുണ്ടോ? ഉണ്ട്. വെളി. 5:8-ല്‍ ദൈവസന്നിധിയിൽ നിന്നു പ്രാർത്ഥിക്കുന്ന 24 മൂപ്പന്മാരെക്കുറിച്ച് പറയുന്നുണ്ടല്ലോ. ‘ഓരോരുത്തനും വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥനയെന്ന ധൂപവർഗ്ഗം നിറഞ്ഞ പൊന്‍കലശവും പിടിച്ചുകൊണ്ട് കുഞ്ഞാടിന്റെ മുമ്പാകെ വീണു.’ “പഴയനിയമസഭയെ പ്രതിനിധീകരിച്ച് 12 ഉം പുതിയനിയമസഭയെ പ്രതിനിധീകരിച്ച് 12 ഉം ഇങ്ങിനെ 24 മൂപ്പന്മാർ.” ഇവർ ദൈവസന്നിധിയിൽ നിന്ന് ആരാധിക്കുന്ന സഭയുടെ സമ്പൂർണ്ണതയെക്കുറിക്കുന്നു. ധൂപകലശം പുരോഹിത ശുശ്രൂഷയുടെ ചിഹ്നമാണ്. പുരോഹിതന്റെ മുഖ്യ ദൗത്യം മദ്ധ്യസ്ഥതയാണല്ലോ. സഭ ദൈവസന്നിധിയിൽ നിന്ന് സർവ്വ ലോകത്തിന്റെയും പ്രതിനിധിയായി മദ്ധ്യസ്ഥതയണച്ച് ആരാധിക്കുന്നു. വെളിപാടു പുസ്തകത്തിൽ കാണുന്ന സഭ ലോകത്തിൽ ജീവിച്ചിരിക്കുന്ന പരിശുദ്ധരുടെ സംഘമോ അതോ നിദ്ര പ്രാപിച്ച പരിശുദ്ധരുടെ സംഘമോ? രണ്ടും ചേർന്നതാണ്. വെളി. 5:13-ല്‍ ഇങ്ങനെ കാണുന്നു. ‘സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലുമുള്ള സകല സൃഷ്ടിയും അവയിലുള്ളതൊക്കെയും.’ ഈ ബൃഹത് സമൂഹത്തിൽ നിദ്ര പ്രാപിച്ച് കർത്തൃസന്നിധിയിലേക്ക് കടന്നുവരുന്നവരും ഉൾപ്പെടുന്നുണ്ടെന്ന് വെളി. 7:9-17-ല്‍ കാണാം. വെള്ള നിലയങ്കി ധരിച്ച് കയ്യിൽ കുരുത്തോലയുമായി ദൈവസിംഹാസനത്തിനും കുഞ്ഞാടായ ക്രിസ്തുവിനും മുമ്പാകെ അവർ നിൽക്കുന്നു. പീഡനത്തിലൂടെ കടന്ന് പോരാട്ടം തികച്ചവരാണവർ. ‘കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നവർ’ (7:14). ഈ വിശുദ്ധ സംഘത്തിന്റെ അഗ്രിമസ്ഥാനത്ത് കർത്താവിനെ പെറ്റ അമ്മയുമുണ്ട്. അമ്മ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നു. നാം അമ്മയ്ക്കു വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ട്. വി. കുർബാന തക്സായിൽ ഒരുക്ക ശുശ്രൂഷയുടെ ഒരു ഭാഗത്ത് പുരോഹിതൻ ധൂപമർപ്പിച്ച് ദൈവജനനിയായ വി. മറിയാമിനു വേണ്ടിയും പ്രാർത്ഥിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി മദ്ധ്യസ്ഥതയണയ്ക്കുന്നതോടൊപ്പം നാം അന്യോന്യം മദ്ധ്യസ്ഥതയണച്ച് പ്രാർത്ഥിക്കുന്നു ഇഹത്തിലും പരത്തിലും.

 

നിങ്ങൾ എന്റെ നാമത്തിൽ എന്നോട് അപേക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തു തരും (യോഹ.14:14). പരിശുദ്ധ മാതാവ് ഉൾപ്പെടെ സർവ്വരും കർത്താവിന്റെ നാമത്തിലത്രേ അപേക്ഷിക്കുന്നത്. ഏക മദ്ധ്യസ്ഥനായ ക്രിസ്തുവിന്റെ നാമം അടിസ്ഥാനമാക്കിയത്രേ മാതാവും പരിശുദ്ധന്മാരും അടങ്ങുന്ന ലോകംവിട്ടവരും ലോകത്തിലുള്ളവരുമായ സർവ്വസഭയും പരസ്പരം മദ്ധ്യസ്ഥത അർപ്പിക്കുന്നത്.

 

വിശ്വാസം അനുഭവത്തിലൂടെയേ ഉറയ്ക്കൂ. അനുഭവം നിഷ്ഠയോടും ശ്രദ്ധയോടും കൂടിയ അനുഷ്ഠാനത്തിലൂടെയേ ലഭിയ്ക്കൂ. അനുഷ്ഠാനത്തിലൂടെ വിശ്വാസവും അനുഭവവും ആഴമായി വരുന്നവർക്ക് മുൻ പറഞ്ഞവ ഏറെ തെളിവായി വരും. തീർച്ച. മറ്റുള്ളവർക്ക് ഇവ എന്നും പൊരുൾ‍ തിരിച്ചറിയാനാവാത്ത കടംകഥയായി അവശേഷിക്കുന്നു.

11.

പള്ളിയകത്ത് ആരാധനാ സമയം വടക്കുഭാഗത്തു പുരുഷന്മാരും തെക്കുഭാഗത്തു സ്ത്രീകളും നിൽക്കുന്നതിന്റെ അടിസ്ഥാനമെന്ത്?

+

യഥാർത്ഥത്തിൽ, വടക്കും തെക്കും എന്നല്ല, പുരുഷന്മാരുടെ വലത്തു ഭാഗത്ത് സ്ത്രീകൾക്ക് സ്ഥാനം നല്കിയിരിക്കുന്നു എന്നതാണ് ക്രമം. ആരാധന കിഴക്കോട്ട് തിരിഞ്ഞ് ആകയാൽ പുരുഷന്മാർ വടക്കും സ്ത്രീകൾ തെക്കുമായി വരുന്നു എന്നു മാത്രം. വേദപുസ്തക പാരമ്പര്യത്തിൽ വലതുഭാഗം നന്മയുടെയും ഐശ്വര്യത്തിന്റെയും മഹിമയുടെയും സ്ഥാനമാണ്. ഇത് സ്ത്രീകൾക്ക് നൽകിയിരിക്കുന്നു. ക്രിസ്തീയ സഭയും സമൂഹവും സ്ത്രീകൾക്ക് നൽകുന്ന ബഹുമാനമാണ് ഇത് സൂചിപ്പിക്കുന്നത്. 45-ാം സങ്കീർത്തനത്തിൽ “ദൈവമേ നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതാകുന്നു നിന്റെ വലത്തുഭാഗത്ത് രാജ്ഞി ഓഫീർ തങ്കമണിഞ്ഞു നില്ക്കുന്നു” എന്നു കാണുന്നുണ്ടല്ലോ (45:6, 9). പുരുഷന്റെ വലത്തുഭാഗത്ത് സ്ത്രീ നില്ക്കുകയോ ഇരിക്കുകയോ ചെയ്യുന്ന വേദപുസ്തക പാരമ്പര്യമാണ് ഈ വാക്യങ്ങളിലൂടെ കാണാനാവുക. ഈ കാരണത്താലാണ് വിവാഹസന്ദർഭത്തിൽ വധുവിന് വരന്റെ വലത്തുഭാഗത്ത് സ്ഥാനം നല്കിയിരിക്കുന്നത്. ഹൈന്ദവ പാരമ്പര്യത്തിൽ ഭാര്യ, ഭർത്താവിന്റെ വാമഭാഗമാണ് (ഇടതുഭാഗമാണ്). ഇക്കാരണത്താൽ ഹൈന്ദവ വിവാഹകർമ്മ സന്ദർഭം വധു, വരന്റെ ഇടത്തുഭാഗത്തു നിലകൊള്ളുന്നു. ക്രിസ്തീയ പാരമ്പര്യത്തിൽ പുരുഷന്റെ വലതു ഭാഗത്താണു സ്ത്രീയുടെ നില. സഭയിലും സമൂഹത്തിലും സ്ത്രീകൾക്ക് നല്കുന്ന മാന്യതയാണ് ഇത് സൂചിപ്പിക്കുന്നത്.

12.

ഓർത്തഡോക്സേതര സഭകളുടെ ദേശകുറി/വിവാഹകുറി നമ്മുടെ സഭ സ്വീകരിക്കുമോ?

+

കത്തോലിക്കാ, മാർത്തോമ്മാ, സി.എസ്സ്.ഐ. എന്നീ സഭകളിൽ നിന്നും കൊണ്ടുവരുന്ന വിവാഹകുറി സ്വീകരിക്കാം. എന്നാൽ ദേശകുറിയുടെ ആവശ്യമില്ല. നമ്മുടെ സഭയുടെ നിയമമനുസരിച്ച് വധുവും വരനും ഒരേ സഭയിൽ തന്നെയുള്ളവരോ വിശുദ്ധ കുർബാനയിൽ സംബന്ധമുള്ള സഭകളിൽ‍ നിന്നുള്ളവരോ ആകുമ്പോൾ നൽകുന്നതാണ് ദേശകുറി. നമ്മുടെ സഭയുമായി വിശുദ്ധ കുർബാനയിൽ‍സംബന്ധമുള്ള സഭകൾ അന്തോഖ്യാ, ഈജിപ്ത്, അർമീനിയ, എത്യോപ്യ എന്നീ ദേശങ്ങളിലുള്ള പുരാതന ഓർത്തഡോക്സ് സഭകളാണ്. കത്തോലിക്കാ, മാർത്തോമ്മാ, സി.എസ്സ്.ഐ. എന്നീ സഭകളുമായി നമ്മുടെ സഭയ്ക്ക് വിശുദ്ധ കുർബാനയിൽ സംബന്ധമില്ല. ഈ സഭകളിൽ നിന്നു വരുന്ന വധു/വരൻ ഏത് സഭാംഗമാണെന്നും വിവാഹത്തിന് തടസ്സമില്ലെന്നും രേഖപ്പെടുത്തുന്ന സാക്ഷിപത്രം (വിവാഹകുറി) ഹാജരാക്കിയാൽ മതിയാകും. എന്നാൽ ദേശകുറിയാണ് ഹാജരാക്കുന്നതെങ്കിൽ മുൻപറഞ്ഞ സാക്ഷിപത്രത്തിന്റെ സ്ഥാനത്ത് അത് സ്വീകരിക്കുന്നു. വിവാഹകുറിയും ദേശകുറിയും ഇല്ലെങ്കിൽ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പു വെച്ച ശേഷം വിവാഹശുശ്രൂഷ നടത്തി കൊടുക്കയാണ് പതിവ്. ഓർത്തഡോക്സേതര സഭയിൽ നിന്നു വരുന്ന വധുവിനെ/വരനെ നമ്മുടെ സഭാംഗമായി സ്വീകരിക്കുന്നതിനുള്ള നടപടിക്രമവും വിവാഹശുശ്രൂഷയ്ക്കു മുമ്പ് തന്നെ പൂർത്തീകരിച്ചിരിക്കണം എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

13.

പള്ളിപ്പെരുന്നാളുകളോടനുബന്ധിച്ചും മറ്റും റാസാ നടത്തുമ്പോൾ കുരിശടികളിൽ  ധൂപപ്രാർത്ഥന നടത്തുന്നുണ്ടല്ലോ. രൂപങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള കത്തോലിക്കാ കുരിശടികളിൽ റാസാമദ്ധ്യേ നമ്മുടെ പുരോഹിതന്മാർ ധൂപാർപ്പണം നടത്തുന്നത് ശരിയോ?

+

ഉത്തരം നൽകുന്നതിന് മുമ്പ് ചോദ്യത്തിൽ‍ തന്നെ കാണുന്ന ഒരു തെറ്റ് തിരുത്തട്ടെ. റാസാ എന്ന സുറിയാനി (കിഴക്കൻ സുറിയാനി രൂപം - നാമിപ്പോൾ ഉപയോഗിക്കുന്ന പടിഞ്ഞാറൻ – അന്തോഖ്യൻ – സുറിയാനിയിൽ റോസോ എന്നും) പദത്തിന്റെ അർത്ഥം ‘രഹസ്യം’ എന്നാണ്. വിശുദ്ധ കൂദാശകൾക്ക് പൊതുവെയും വിശുദ്ധ കുർബാനയ്ക്ക് പ്രത്യേകിച്ചും പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ ഈ വാക്കുപയോഗിക്കുന്നു. കത്തോലിക്കാ സഭയിൽ പള്ളിപ്പെരുന്നാളുകളോടനുബന്ധിച്ച് വിശുദ്ധ കുർബാന (റാസാ – റോസോ) എഴുന്നള്ളിച്ചുകൊണ്ടാണ് പ്രദക്ഷിണം നടത്തുക. അതുകൊണ്ട് ആ സഭയിൽ പെരുന്നാൾ പ്രദക്ഷിണത്തിന് റാസാ എന്നു പേരായി. ഈ സ്വാധീനത്തിൽ നിന്ന് നമ്മുടെ സഭയിലും പെരുന്നാൾ പ്രദക്ഷിണത്തെ റാസാ എന്നു വിളിക്കാനിടയായി. എന്നാൽ നമ്മുടെ സഭയിൽ പ്രദക്ഷിണത്തിനോ മറ്റു സന്ദർഭങ്ങളിലോ വിശുദ്ധ കുർബാന എഴുന്നള്ളിക്കുന്ന പതിവില്ല. അതുകൊണ്ട് നമ്മുടെ സഭയിലെ പെരുന്നാൾ‍പ്രദക്ഷിണത്തെ റാസാ എന്നു വിളിക്കുന്നത് അസ്ഥാനത്താണ്.

 

ഓർത്തഡോക്സ് സഭയുടേതല്ലാത്ത കുരിശടികളിൽ നമ്മുടെ സഭയുടെ പുരോഹിതന്മാർ ധൂപപ്രാർത്ഥന നടത്തേണ്ടതില്ല. രൂപങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നുള്ളത് കൊണ്ടു മാത്രമല്ല, അല്ലെങ്കിലുമാവശ്യമില്ല. സഭയുടെ ശിക്ഷണക്രമം അതായിരിക്കണം. ഓർത്തഡോക്സ് പാരമ്പര്യത്തിൽ നാലു തലങ്ങൾ ഉള്ള രൂപങ്ങൾ ഒഴിവാക്കിയിരിക്കുന്നു. ചിത്രങ്ങളോ മൂന്നു തലങ്ങളുള്ള ഐക്കണുകളോ ഉപയോഗിക്കാൻ അനുവാദമുണ്ട്. ഇതര മതങ്ങളിൽ കാണുന്ന വിഗ്രഹാരാധനയിൽ നിന്ന് ക്രിസ്തീയാരാധന വേർതിരിച്ചു കാണിക്കാൻ വേണ്ടിയും കൂടിയാണ് കലാരൂപങ്ങൾ ഉപയോഗിക്കുന്നതിൽ സഭ ഈ ശിക്ഷണം സ്വീകരിച്ചിരിക്കുന്നത്.

14.

ഓശാനയ്ക്ക് ഉപയോഗിച്ച കുരുത്തോല ക്രിസ്തുമസ്സ് രാത്രിയിൽ കരിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ?

+

നമ്മുടെ കർത്താവിന്റെ ജനനപ്പെരുനാളിൽ നടത്തുന്ന അഗ്നിജ്വാലയുടെ ശുശ്രൂഷ ലോകരക്ഷകനായി പിറന്ന കർത്താവിനെ അഗ്നിയും പ്രകാശവുമായി കണ്ടെത്തുന്നതിന്റെ പ്രതീകമാണ്. അതിനായുള്ള പുറപ്പാടാണ് അന്നത്തെ പ്രദക്ഷിണം. ഓശാനയ്ക്ക് കർത്താവിനെ എതിരേല്ക്കാൻ ഉപയോഗിച്ച കുരുത്തോലകൾ, ജനനപ്പെരുനാളിൽ അവനെ അഗ്നിയും പ്രകാശവുമായി തിരിച്ചറിയാൻ ഉപയോഗിക്കുന്നത് അർത്ഥപൂർണ്ണമാണ്. കുരുത്തോലകൾ പിടിച്ച് ഓശാനപ്പെരുന്നാളിൽ സംബന്ധിക്കുമ്പോഴും കുരുത്തോലകൾ അർപ്പിച്ച് തീ കൂട്ടുമ്പോഴും അതിലൂടെ നാം നമ്മെത്തന്നെയും വൃക്ഷലതാദികൾ ഉൾക്കൊള്ളുന്ന ഈ പ്രപഞ്ചത്തെയുമാണ് ദൈവസന്നിധിയിൽ സമർപ്പിക്കുക. ഓശാനയുടെ കുരുത്തോലകൾ വാഴ്ത്തിയതാകയാൽ നിലത്തു വീഴാതെയും ചവിട്ടാൻ ഇടവരാതെയും നാം ആദരവോടെ സൂക്ഷിക്കുന്നുണ്ടല്ലോ. ക്രിസ്തുമസ്സാകുമ്പോഴേക്കും നന്നായി ഉണങ്ങിക്കഴിഞ്ഞ കുരുത്തോലകൾ അഭക്തിയായി കൈകാര്യം ചെയ്യുവാൻ ഇടവരാതെ ഒരു പവിത്ര കർമ്മത്തിലൂടെ ചാരമായി മാറ്റുന്നതിൽ ഒരു പ്രായോഗികബുദ്ധിയും അടങ്ങിയിട്ടുണ്ട്. ജനനപ്പെരുനാളിൽ പഴയ കുരുത്തോലകൾ അർപ്പിച്ചശേഷം പുത്തൻ കുരുത്തോലകളേന്തി കർത്താവിനെ സ്വീകരിക്കാൻ അടുത്ത ഓശാനപ്പെരുനാൾ വരുന്നതും നോക്കി വിശ്വാസികൾ പ്രത്യാശയോടെ കാത്തിരിക്കുകയായി. ആരാധനാകാലചക്രം തിരിഞ്ഞ് മറ്റൊരു ഘട്ടമെത്തിയിരിക്കുന്നുവെന്ന് നാം അറിയാതെതന്നെ ഈ കർമ്മം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.

15.

ക്രിസ്ത്യാനി “പ്രശ്നക്കാരന്റെ” അടുക്കൽ പോകാമോ?

+

പാടില്ല, കാരണം ദൈവമാണ് എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം. ദൈവത്തോടു പ്രാർത്ഥിച്ചും പരിശുദ്ധന്മാരോടും ശുദ്ധിമതികളോടും മദ്ധ്യസ്ഥത യാചിച്ചും ദൈവഹിതമെന്തെന്ന് തിരിച്ചറിയാൻ പ്രാപ്തരായ ദൈവപുരുഷന്മാരോടും പുണ്യ വനിതകളോടും ആലോചന ചോദിച്ചും പ്രശ്നങ്ങൾക്ക് പരിഹാരം തേടുകയാണ് വേണ്ടത്.

നമ്മുടെ നാട്ടിൽ “പ്രശ്നംവയ്ക്കൽ” രണ്ടു വിധത്തിൽ കാണുന്നുണ്ട്. ജ്യോതിഷം വഴിയും, ആഭിചാരം വഴിയും. ജ്യോതിഷം ഒരു ശാസ്ത്രമാണെന്നും അതിലൂടെ നാം നടത്തുന്ന പ്രവചനങ്ങൾ നേരായി വരുന്നുണ്ടെന്നും വാദിച്ച് അതിൽ ആശ്രയം വയ്ക്കുന്നവരുണ്ട്. എന്തായാലും ഒരു ക്രിസ്ത്യാനി ജ്യോതിഷത്തിൽ ആശ്രയിക്കേണ്ടതില്ല. ജ്യോതിശാസ്ത്രത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നുണ്ടെങ്കിലും വിധിസങ്കല്പത്തിനാണ് മൂൻതൂക്കം. എല്ലാ അർത്ഥവും അനർത്ഥവും വിധിപോലെ വന്നു സംഭവിക്കുമെന്നും അവ സ്വീകരിക്കുകയേ മാർഗ്ഗമുള്ളു എന്നുമാണ് പൊതുവേയുള്ള ധാരണ. ക്രിസ്തീയ വിശ്വാസപ്രകാരം പ്രാതികൂല്യങ്ങളേയും വൈപരീത്യങ്ങളേയും അതിജീവിക്കാനുള്ള ഇച്ഛാശക്തിയോടെയാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. സ്വാതന്ത്ര്യവും സർഗ്ഗശക്തിയും ദൈവം മനുഷ്യസഹജമായി നൽകിയിരിക്കുന്ന വരദാനങ്ങളാണ്. അവ ഉപയോഗിച്ച് ഈ പ്രപഞ്ചത്തെ നിരന്തരം പുതുക്കി രൂപാന്തരപ്പെടുത്തുന്ന സൃഷ്ടികർമ്മത്തിൽ അവന് ഏർപ്പെട്ടിരിക്കണം. ഗ്രഹണങ്ങളുടേയും നക്ഷത്രങ്ങളുടെയും സ്വാധീനങ്ങളെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയുണ്ട് മനുഷ്യന്. ഇതിനെയെല്ലാം താങ്ങിനിർത്തുന്നത് ദൈവകൃപയും. കർത്താവിനോടു ചോദിക്കൂ; അവന്റെ വാതിലിൽ മുട്ടി വിളിക്കൂ. അവന്‍ ജീവിതത്തിൽ ഇടപെട്ട്, അദ്ഭുതം പ്രവർത്തിക്കുന്നത് കാണാം. പ്രശ്നക്കാരനും, ജ്യോതിഷവും പിന്നെ ജീവിതത്തിൽ‍ പ്രസക്തമാവുന്നതെങ്ങനെ?

16.

കബറിങ്കൽ ധൂപം വെക്കുന്നത് എന്തിന്?

+

കബറിങ്കൽ മാത്രമല്ല സഭയുടെ എല്ലാ ഔദ്യോഗിക പ്രാർത്ഥനകൾക്കും ധൂപാർപ്പണം ഉണ്ട്. വെളിപാട് 5:8-ല്‍ വിശുദ്ധന്മാരുടെ പ്രാർത്ഥനെയന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശം പിടിച്ചുകൊണ്ട് കുഞ്ഞാടിന്റെ മുമ്പാകെ നമസ്കരിച്ച് പ്രാർത്ഥിക്കുന്ന പുരോഹിതന്മാരുടെ ചിത്രം കാണാം. വിശുദ്ധരുടെ സംഘമായ സഭയുടെ പ്രാർത്ഥന, ഇതാണ് ധൂപാർപ്പണത്തിന്റെ പൊരുൾ. ധൂപം അർപ്പിക്കുകയാണ്. അതുകൊണ്ട് ധൂപാർപ്പണം യാഗാർപ്പണമാണ്. പ്രകൃതിയിൽ നിന്നും ശേഖരിച്ചെടുത്ത സുഗന്ധവർഗ്ഗം ദൈവസന്നിധിയിൽ സഭ കാഴ്ചയായി അർപ്പിക്കുന്നു. ഇത് ദൈവം കനിഞ്ഞു തന്ന നന്മയിൽ നിന്ന് നാം അടർത്തിയെടുത്തതാണ്. സഭയുടെ നന്മ നിറഞ്ഞ ജീവിതത്തിന്റെ സുഗന്ധവർഗ്ഗം കൂടിയാണത്.

 

എല്ലാ ഔദ്യോഗിക പ്രാർത്ഥനകളിലും കുരിശ് നടുക്കുവെച്ച് ഇരുവശങ്ങളിലും മെഴുകുതിരികൾ‍ കത്തിച്ച് ധൂപമർപ്പിച്ച് സഭ പ്രാർത്ഥിക്കുന്നു. ക്രിസ്തുവിന്റെ സാന്നിദ്ധ്യമാണ് കുരിശ്. ആ സാന്നിദ്ധ്യത്തിന്റെ തെളിച്ചമാണ് കത്തി നില്ക്കുന്ന മെഴുകുതിരികൾ സൂചിപ്പിക്കുന്നത്. ‘വിട്ടു പിരിഞ്ഞ് ക്രിസ്തുവിനോട് കൂടെയിരിപ്പാൻ’ (ഫിലി. 1:23) ലോകത്തിൽ നിന്ന് വിളിച്ചുചേർത്തവരും ക്രിസ്തുവിന്റെ സന്നിധിയിലുണ്ട്. ഇവർ കെട്ടടങ്ങി പോയിട്ടില്ല. ക്രിസ്തുവിന്റെ സന്നിധിയിൽ അവരും പ്രകാശിച്ചു നില്ക്കുന്നു. അങ്ങനെ ജീവനുള്ളവരും വാങ്ങിപ്പോയവരും ക്രിസ്തുവിന്റെ സന്നിധിയിൽ നിന്ന് പ്രാർത്ഥിക്കുന്നു.

 

ചുരുക്കത്തിൽ ധൂപാർപ്പണം നടത്തുമ്പോൾ സഭ പ്രാർത്ഥിക്കുന്നു എന്നറിയുക. സുഗന്ധവർഗ്ഗം കർത്താവിന്റെ നല്ല ദാനങ്ങളും സഭയുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ ആദ്യ ഫലവും ആകുന്നു. ഇവ കർത്താവിനു സമർപ്പിച്ചുകൊണ്ട് നാമും നമ്മുടെ പരേതരും കർതൃസന്നിധിയിൽ ഒന്നായി നിന്ന് പ്രാർത്ഥിക്കുന്നു. കബറിങ്കൽ നടത്തുന്ന ധൂപാർപ്പണ പ്രാർത്ഥന പരേതരുടെ സാന്നിദ്ധ്യം അനുഭവിച്ചറിയുന്ന ഒരു അനുഷ്ഠാനമാകുന്നു. നാം അവർക്കുവേണ്ടിയും അവർ നമുക്കു വേണ്ടിയും പരസ്പരം പ്രാർത്ഥിക്കുന്ന സന്ദർഭവും.

17.

പള്ളികളിൽ തിരശ്ശീല ഉപയോഗിക്കുന്നതിന്റെ അർത്ഥമെന്ത്?

+

എല്ലാ പൗരസ്ത്യ സഭകളിലും ബലിവേദിക്ക് മറയുണ്ട്. ബൈസന്റയിൻ ഓർത്തഡോക്സ് സഭകളിൽ ഐക്കണുകൾ ചിത്രീകരിച്ചിരിക്കുന്ന ഐക്കണോസ്റ്റാസിയോൺ എന്നും പേരുള്ള സ്ക്രീനാണ് ഉപയോഗിക്കുന്നത്.

 

പള്ളികളിലെ തിരശ്ശീല ബലിവേദിയേ (മദ്ബഹാ)യും സിംഹാസന(ത്രോണോസ്) ത്തേയും മറയ്ക്കുന്നു. ഇതിന് മൂന്ന് ഉപയോഗങ്ങളുണ്ട്. ഒന്ന്, ബലിവേദിയെ മറയ്ക്കുക. രണ്ട്, ബലി വേദിയിലേക്കുള്ള മറ നീങ്ങിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുക. മൂന്ന്, ദൈവസാന്നിദ്ധ്യത്തിന്റെ രഹസ്യാത്മകത നിലനിർത്തുക.

 

പട്ടക്കാരും ശുശ്രൂഷകരും മാത്രം ചെയ്യുന്ന ചില അനുഷ്ഠാനങ്ങളുണ്ട്. വിശ്വാസികളുടെ പങ്കാളിത്തത്തോടെ ചെയ്യേണ്ട ശുശ്രൂഷകൾക്ക് മുമ്പുള്ളതോ അതിനുശേഷമുള്ളതോ ആയ അനുഷ്ഠാനങ്ങളാണവ. ഈ സന്ദർഭങ്ങളിൽ ബലിവേദി തിരശ്ശീല കൊണ്ട് മറച്ചിരിക്കുന്നു.

 

എന്നാൽ തിരശ്ശീലയുടെ പ്രധാന ഉപയോഗം ഇതല്ല. ദൈവമക്കൾക്ക് മറ കൂടാതെ ദൈവസന്നിധിയിലേക്ക് കടന്നുചെല്ലാമെന്ന് പരോക്ഷമായി സൂചിപ്പിക്കുകയാണ് തിരശ്ശീല മാറ്റുന്നതിലൂടെ. യറുശലേം ദേവാലയത്തിൽ ദൈവസാന്നിദ്ധ്യമുള്ള നിയമപ്പെട്ടകവും കൃപാസനവും അതിവിശുദ്ധ സ്ഥലത്താണ് വച്ചിരുന്നത്. അതിവിശുദ്ധ സ്ഥലത്തെ മറച്ചിരുന്ന തിരശ്ശീല ഒരിക്കലും മാറ്റിയിരുന്നില്ല. ആണ്ടിലൊരിക്കൽ പുരോഹിതൻ മാത്രം കടന്നുചെന്ന് പാപപരിഹാരത്തിനു വേണ്ടിയുള്ള യാഗരക്തം കൃപാസനത്തിനുമേൽ തളിക്കും. കർത്താവിന്റെ ക്രൂശാരോഹണ സന്ദർഭത്തിൽ അതിവിശുദ്ധ സ്ഥലത്തെ മറച്ചിരുന്ന തിരശ്ശീല രണ്ടായി കീറിപ്പോയി. ഇനിയും കർത്താവിന്റെ സിംഹാസനത്തെ അഭിമുഖീകരിച്ച് അവന്റെ സന്നിധിയിൽ നിന്ന് ധൈര്യപൂർവ്വം പ്രാർത്ഥിക്കാനുള്ള പ്രവേശനം നമുക്കുണ്ട് (എബ്രായർ 10:19-22). ദൈവസാന്നിദ്ധ്യത്തിനും നമുക്കുമിടയ്ക്കുള്ള മറ ക്രിസ്തുവിൽ നീങ്ങിപ്പോയിരിക്കുന്നു എന്ന് തിരശ്ശീല മാറ്റുന്നതു വഴി പ്രതീകാത്മകമായി സഭ നമ്മെ ബോധ്യപ്പെടുത്തുന്നു. വി. കുർബാനമദ്ധ്യേ മൂന്നു സന്ദർഭങ്ങളിലാണ് തിരശ്ശീല മാറ്റുന്നത്. ഒന്നാമത് വി. കുർബ്ബാന തുടങ്ങുമ്പോൾ. രണ്ടാമത് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയ്ക്ക് മുമ്പ്, മൂന്നാമത് വിശുദ്ധ കുർബാന വഹിച്ചുകൊണ്ട് ആഘോഷമായി വന്ന് വി. കുർബ്ബാന നൽകുമ്പോൾ. വി. യാഗമർപ്പിക്കുന്നതിനായി കർത്തൃസന്നിധിയിലേയ്ക്ക് കടന്നുവരുന്നതാണ് ആദ്യ സന്ദർഭം. പുത്രത്വത്തിന്റെ സ്വാതന്ത്ര്യത്തോടെ ധൈര്യപൂർവ്വം അടുത്തുചെന്ന് ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന് വിളിച്ച് പ്രാർത്ഥിക്കുന്നതാണ് രണ്ടാമത്തേത്. കർത്താവിന്റെ രണ്ടാമത്തെ വരവിൽ ദൈവരാജ്യത്തിന്റെ പന്തിഭോജനം പങ്കിടുന്നതിനെ സൂചിപ്പിച്ചുകൊണ്ട് കർത്തൃമേശയ്ക്ക് അടുത്തു വന്ന് വി. കുർബ്ബാന അനുഭവിക്കുന്നതാണ് മൂന്നാമത്തെ സന്ദർഭം. ഇവിടെയെല്ലാം ദൈവസാന്നിദ്ധ്യത്തിനു മുമ്പുള്ള മറ നീങ്ങിയിരിക്കുന്നുവെന്നും അവന്റെ സന്നിധിയിലേയ്ക്ക് അടുത്തുവരാനുള്ള സ്വാതന്ത്ര്യവും അവകാശവും ക്രിസ്തുവിൽ നമുക്ക് നൽകപ്പെട്ടിരിക്കുന്നുവെന്നും സൂചിപ്പിക്കുന്നതിനുള്ള ഉപാധിയായാണ് പള്ളികളിൽ തിരശ്ശീല ഉപയോഗിച്ചിരിക്കുന്നത് എന്ന് വെളിവാകുന്നു.

 

ഇതോടൊപ്പം തന്നെ മറ്റൊരു പ്രധാന കാര്യവും നാം മറന്നു കൂടാ. ദൈവസന്നിധിയിലേക്ക് പ്രവേശിപ്പാൻ ക്രിസ്തുവിൽ നമുക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് പറയുമ്പോൾ‍അതത്ര ലളിതമായി കാണാൻ പാടുള്ളതല്ല. ഭക്ത്യാദരവുകളോടെ മാത്രമേ കർതൃസന്നിധിയിലേക്ക് കടന്നുചെല്ലാവൂ. വി. സ്നാനം സ്വീകരിച്ച് ഉപനീതരായവർക്കു മാത്രമേ കർതൃമേശയ്ക്ക് അടുത്തുവരാൻ അധികാരമുള്ളു. കർതൃസാന്നിദ്ധ്യത്തെ ചുറ്റി നിൽക്കുന്ന രഹസ്യാത്മകത സൂചിപ്പിക്കുന്നതിനും കൂടിയാണ് പള്ളികളിൽ തിരശ്ശീല ഉപയോഗിച്ചിരിക്കുന്നത്.

18.

കത്തോലിക്കാ സഭയിൽ മേൽപ്പട്ടക്കാരും പട്ടക്കാരും പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ നടത്തുന്നു. എന്നാൽ മലങ്കര ഓർത്തഡോക്സ് സഭയിൽ മേൽപട്ടക്കാർ മാത്രമേ ഈ ശുശ്രൂഷ നടത്തുന്നുള്ളു. എല്ലാ വിശ്വാസികൾക്കും പങ്കുചേരാൻ തക്കവണ്ണം പട്ടക്കാരെക്കൊണ്ടു കൂടി ഈ വിശുദ്ധ കർമ്മം ചെയ്യിക്കുന്നത് നല്ലതല്ലേ?

+

പെസഹാ വ്യാഴാഴ്ചയിലെ കാല്‍ കഴുകൽ ശുശ്രൂഷ കുറഞ്ഞത് അഞ്ചാം നൂറ്റാണ്ടു മുതലെങ്കിലും നിലനിന്നിരുന്ന പൊതു പാരമ്പര്യമാണ്. എന്നാൽ ഈ അനുഷ്ഠാനം സംബന്ധിച്ച് പാശ്ചാത്യ സഭകളും പൗരസ്ത്യ സഭകളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസമാണ് ചോദ്യകർത്താവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. രണ്ടും രണ്ട് വ്യത്യസ്ത പാരമ്പര്യങ്ങളിലായി വളർന്നുവന്ന അനുഷ്ഠാനരീതികളാണ്. ഇത്തരം അനുഷ്ഠാന വ്യത്യാസങ്ങൾക്ക് മറ്റു പല ഉദാഹരണങ്ങളും ഉണ്ട്. പ്രധാനപ്പെട്ട രണ്ടെണ്ണം ഇവയാണ്. വിശുദ്ധ കുർബാനയ്ക്ക് പാശ്ചാത്യ സഭകൾ പുളിപ്പുള്ള അപ്പം ഉപയോഗിക്കുന്നു. പാശ്ചാത്യ സഭകളിൽ കുട്ടികൾക്ക് 12-ാം വയസ്സിൽ സ്ഥിരീകരണ ശുശ്രൂഷ നടത്തുന്നു. പൗരസ്ത്യ സഭകളാകട്ടെ, വി. മാമോദീസായോടു ചേർന്ന് നടത്തുന്ന വിശുദ്ധ മൂറോനഭിഷേകം പരിശുദ്ധാത്മാഭിഷേകവും സ്ഥൈര്യലേപനവുമായി കാണുന്നു. സ്ഥിരീകരണ ശുശ്രൂഷ പ്രത്യേകം നടത്തുന്നത് സംഗതമായി പൗരസ്ത്യ സഭകൾ കരുതുന്നില്ല. പാരമ്പര്യങ്ങളിലുള്ള ഈ വ്യത്യാസങ്ങൾ പുരാതനമാണ് താനും. അനുഷ്ഠാനങ്ങളിലുള്ള ഈ അന്തരങ്ങൾക്ക് തങ്ങളുടേതായ വ്യാഖ്യാനങ്ങളും ന്യായീകരണങ്ങളും ഓരോ സഭകളും നൽകുന്നുണ്ടെങ്കിലും ഇവ മൗലികമായ വ്യതിയാനങ്ങളായി കണക്കാക്കുന്നുമില്ല. ഇക്കാരണത്താൽ ഈ വൈവിധ്യങ്ങൾ പരസ്പരം ബഹുമാനിക്കുന്ന രീതിയാണ് പണ്ടു മുതൽ തന്നെ സഭകൾ നിലനിർത്തിപ്പോന്നിട്ടുള്ളത്.

 

ആദിമകാലത്ത് മേല്പ്പട്ടക്കാരൻ, പട്ടക്കാർ, ശുശ്രൂഷകർ (ശെമ്മാശ്ശന്മാർ), വിശ്വാസികൾ എന്നിവർ അടങ്ങുന്ന സംസർഗ്ഗമായിരുന്നു  ഒരു ഇടവകപള്ളി. ഇത്തരം ഒരിടവകയായിരുന്നു സഭയുടെ അടിസ്ഥാന ഘടകം. ഈ സംസർഗ്ഗമായിരുന്നു സഭയുടെ അടിസ്ഥാനപ്രമാണങ്ങളിലൊന്ന്. വിശ്വാസികളുടെ എണ്ണം വർദ്ധിച്ചതോടെ ഇടവക പലതായി വിഭജിക്കപ്പെട്ടു. പല ഇടവകകൾ ചേർന്ന ഭദ്രാസന ഇടവകയ്ക്ക് ഒരു മേല്‍പട്ടക്കാരനും ഇടവകകൾക്ക് ഒന്നോ അതിൽ അധികമോ പട്ടക്കാർ എന്നുമുള്ള സംവിധാനം ഉണ്ടായി. ഈ വ്യത്യാസങ്ങൾ ഉണ്ടായെങ്കിലും മേൽപ്പട്ടക്കാർ, പട്ടക്കാർ, ശുശ്രൂഷകർ, വിശ്വാസികൾ എന്നിവരുടെ സംസർഗ്ഗമാണ് സഭ എന്ന അടിസ്ഥാനപ്രമാണം പൗരസ്ത്യ സഭകൾ ഇന്നും നിലനിർത്തുന്നു. ഇത് പ്രസ്പഷ്ടമാക്കുന്ന ഒരു സന്ദർഭമാണ് കാല്‍കഴുകൽ ശുശ്രൂഷ. മാത്രമല്ല, ഒരു ഭദ്രാസന ഇടവകയുടെ അഖണ്ഡതയും അതിലെ മേൽപ്പട്ടക്കാരനും പട്ടക്കാരനും ശുശ്രൂഷകരും വിശ്വാസികളും തമ്മിലുള്ള ഐക്യവും പാരസ്പര്യവും. ഈ ശുശ്രൂഷയുടെ സുപ്രധാന ഭാവമാണ്. ആയതിനാൽ മേൽപ്പട്ടക്കാരനും പട്ടക്കാരും ശുശ്രൂഷകരും വിശ്വാസികളും ചേർന്നു വരുന്ന സഭ കാൽ കഴുകൽ ശുശ്രൂഷ നിർവ്വഹിക്കണം എന്ന് പൗരസ്ത്യസഭകൾ നിഷ്കർഷിക്കുന്നു.

 

മുൻ പറഞ്ഞ പ്രമാണങ്ങൾ നിലനിർത്തുന്ന മറ്റു സന്ദർഭങ്ങളാണ് മൂറോൻ കൂദാശ, സൈത്തു കൂദാശ, എപ്പിസ്കോപ്പായുടെ അഭിഷേകം എന്നീ അനുഷ്ഠാനങ്ങൾ. എന്നാൽ സഭകൾ ദേശീയ സഭകളായി വളർന്നതോടെ ഇതിനും അല്പം വ്യത്യാസം ഉണ്ടായി. ദേശീയ സഭയുടെ പരമാധ്യഷനും (പാത്രിയർക്കീസ്/കാതോലിക്കോസ് – മലങ്കര സഭയെ സംബന്ധിച്ചിടത്തോളം കാതോലിക്കോസ്) അദ്ദേഹത്തോട് ചേർന്ന് മേൽപ്പട്ടക്കാരും ഉൾപ്പെടുന്ന സഭ മുഴുവനും ഒന്നായി നടത്തുന്ന അനുഷ്ഠാനങ്ങളായിത്തീർന്നു മൂറോൻ കൂദാശ, സൈത്തു കൂദാശ, എപ്പിസ്കോപ്പായുടെ അഭിഷേകം എന്നിവ. ദേശീയ സഭയുടെ അഖണ്ഡതയും ഐക്യവും വെളിവാകുന്ന സന്ദർഭങ്ങളാണവ.

19.

വലിയ നോമ്പിന്റെ മധ്യത്തിൽ ദേവാലയമധ്യേ കുരിശ് സ്ഥാപിച്ച് വിശ്വാസികൾ അതിനെ വണങ്ങുന്നു. ദുഃഖവെള്ളിയാഴ്ച പ്രത്യേകിച്ചും കുമ്പിട്ട് കുരിശ് വണങ്ങുന്നുണ്ടല്ലോ. ഇത് വിഗ്രഹാരാധനയല്ലേ?

+

കുരിശു വന്ദനവിനെപ്പറ്റിയുള്ള പരാമർശം ക്രിസ്തുവർഷം ഏതാണ്ടു നാലാം നൂറ്റാണ്ടു മുതലെങ്കിലും സഭാചരിത്ര രേഖകളിൽ കാണാൻ കഴിയും. റോമൻ ചക്രവർത്തിയായ കുസ്തന്തീനോസിന്റെ അമ്മ ഹേലനി രാജ്ഞി കർത്താവിനെ ക്രൂശിച്ച ക്രൂശ് യറൂശലേമിൽ  നിന്ന് കണ്ടെടുത്തു. ആ സ്ഥാനത്ത് അവര്‍ ഒരു ദേവാലയം പണിതു. മാർട്ടീറിയം എന്നാണ് അതിനു നൽകിയ പേര്. കർത്താവിന്റെ ക്രൂശ് ആ പള്ളിയിൽ സ്ഥാപിച്ചു. ദുഃഖവെള്ളിയാഴ്ച ആരാധനയോട് ചേർന്ന് വിശ്വാസികൾ ഓരോരുത്തരായി വന്ന് കുരിശ് വന്ദിച്ച് കടന്നു പോവുന്നു. നാലാം നൂറ്റാണ്ടിന്റെ ഒടുവിൽ റോമിൽ നിന്ന് യറുശലേം സന്ദർശിച്ച എതേറിയ എന്ന തീർത്ഥാടക എഴുതിയ യാത്രാവിവരണത്തിലാണ് കുരിശു വന്ദനവിനെ സംബന്ധിച്ച ആദ്യ സൂചന നമുക്ക് ലഭിക്കുന്നത്. കർത്താവിന്റെ ക്രൂശിന്റെ ശകലങ്ങൾ ലോകത്തിന്റെ പല ഭാഗത്തേക്കും കൊണ്ടുപോയി മുൻ പറഞ്ഞപ്രകാരം വിശ്വാസികൾ അവ വണങ്ങിയിരുന്നു. ഈ ചരിത്ര സംഭവത്തോട് ബന്ധിപ്പിച്ചു വേണം ദുഃഖവെള്ളിയാഴ്ച നടത്തുന്ന സ്ലീബാ വന്ദനവ് മനസ്സിലാക്കുവാൻ. കർത്താവിന്റെ യഥാർത്ഥ ക്രൂശിന്റെ സ്ഥാനത്ത് കുരിശ് പ്രതിഷ്ഠിച്ച് സഭ അതിനെ വണങ്ങുന്നു. ക്രിസ്തുവിന്റെ രക്ഷാകര ജീവിതത്തിലെ ഒരു സുപ്രധാന സംഭവമാണ് ക്രൂശാരോഹണം. ഇതിന്റെ സ്മരണ ഉണർത്തുന്നതാണ് ക്രൂശ്. മാത്രമല്ല, ക്രിസ്തുവിന്റെ സ്ഥാനം സഭ ക്രൂശിന് നൽകുന്നില്ല. ക്രിസ്തുവിന്റെ സാന്നിധ്യവും ചൈതന്യവും വഹിക്കുന്ന വസ്തുവായി ക്രൂശിനെ കാണുകയും അതിനെ വണങ്ങുകയുമാണ് ചെയ്യുന്നത്. മനുഷ്യർ തന്നെ പരസ്പരം വണങ്ങുന്നുണ്ടല്ലോ. ദൈവസാന്നിധ്യവും സാദൃശ്യവും വഹിക്കുന്നതുകൊണ്ടാണ് ഒരാൾ അപരനെ വണങ്ങുന്നത്. വ്യക്തികൾ മാത്രമല്ല വസ്തുക്കൾക്കും ദൈവസാന്നിധ്യം വഹിപ്പാൻ കഴിയും. ദൈവസാന്നിധ്യത്തിനു മുമ്പിൽ കുമ്പിടുകയാണ് കുരിശു വന്ദനവിലൂടെ നാം ചെയ്യുക. ഇവിടെ ക്രൂശിനെ ക്രിസ്തുവാക്കുകയോ ദൈവമാക്കുകയോ ചെയ്യുന്നില്ല എന്ന് ഓർക്കണം. മാത്രമല്ല, അപരിമിതനും അപരിമേയനുമായ ദൈവത്തെ സ്ഥലകാല പരിമിതികൾക്കുള്ളിലുള്ള വസ്തുവിലോ സ്ഥലങ്ങളിലോ ഒതുക്കാനുമാവില്ല. എന്നാൽ സ്ഥലകാല പരിമിതികൾക്കുള്ളിലേക്ക് കടന്നുവന്ന് ദൈവം വ്യക്തികളെയും വസ്തുക്കളെയും സ്ഥലങ്ങളെയും തന്റെ സാന്നിദ്ധ്യംകൊണ്ട് നിറയ്ക്കുന്നുമുണ്ട്. ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നതുകൊണ്ടാണ് നാം ദൈവ സാന്നിധ്യമുള്ള വസ്തുക്കളെയും വ്യക്തികളെയും സ്ഥലങ്ങളെയും വണങ്ങുന്നത്. ഇത് വിഗ്രഹാരാധനയല്ല.

 

ദൈവം ഇസ്രായേല്യർക്ക് മോശ മുഖാന്തിരം നൽകിയ പത്തു കൽപനകളിലൂടെയാണല്ലോ വിഗ്രഹാരാധന നിരോധിച്ചിരിക്കുന്നത്. അവിടെ ഇങ്ങനെ പറയുന്നുണ്ട്; “ഒരു വിഗ്രഹം ഉണ്ടാക്കരുത്. മീതെ സ്വർഗ്ഗത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും ഭൂമിക്ക് കീഴെ വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്” (പുറ. 20:4-5). വിഗ്രഹങ്ങളെ ദൈവങ്ങളാക്കി അവയെ നമസ്ക്കരിക്കുന്ന സമ്പ്രദായം നിലവിലിരുന്ന പശ്ചാത്തലത്തിൽ വേണം ഈ കല്പനയുടെ സാംഗത്യം മനസ്സിലാക്കുവാൻ. ദൈവസാന്നിദ്ധ്യം സൂചിപ്പിക്കുന്നതിന് പ്രതിമകളും പ്രതീകങ്ങളും ഉപയോഗിച്ചിരുന്നതായി പഴയനിയമത്തിൽ തന്നെ കാണാൻ കഴിയും. ഉദാഹരണമായി സാക്ഷ്യപെട്ടകത്തിന്‍മേലുള്ള കൃപാസനം മൂടുംവിധം മുഖാമുഖം നിൽക്കുന്ന രണ്ടു കെരൂബുകളുടെ പ്രതിമകൾ (പുറ. 25:20). ശലോമോൻ‍പണിത ദേവാലയത്തിന്റെ അതിവിശുദ്ധ മന്ദിരത്തിൽ കൊത്തുപണി ചെയ്ത് പ്രതിഷ്ഠിച്ചിരുന്ന പ്രതിമകൾ (2 ദിന. 3:10).കെരൂബുകളുടെ ചിത്രം നെയ്തുണ്ടാക്കിയ ദൈവാലയ തിരശ്ശീല (2 ദിന. 3:14). കെരൂബുകൾ ദൈവസന്നിധിയിൽ നിൽക്കുന്ന ദൂതന്മാരാണ്. ദൂതന്മാരുടെ ചിത്രങ്ങളും പ്രതിമകളും കൊണ്ടു ദേവാലയം അലങ്കരിക്കുക വഴി ദൈവസാന്നിദ്ധ്യം സൂചിപ്പിച്ചിരിക്കുന്നു (പുറ. 25:22). ദൈവസാന്നിധ്യം സൂചിപ്പിക്കുന്ന ചിത്രങ്ങളും പ്രതിമകളും കൂടാതെ ദൈവസാന്നിധ്യം വഹിക്കുന്ന സ്ഥലങ്ങളും വസ്തുക്കളും പഴയനിയമത്തിൽ കാണാം. ഹോരേബിൽ മോശയ്ക്ക് ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ടു. അവിടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു. “നീ നിൽക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ നിന്റെ കാലിൽ നിന്ന് ചെരിപ്പ് അഴിച്ചു കളയുക” (പുറ. 3:5). ദേവാലയം ദൈവസാന്നിധ്യം വഹിക്കുന്ന വിശുദ്ധ സ്ഥലമായി പഴയനിയമത്തിൽ കാണാൻ കഴിയും(1 രാജാ. 8:29). കനാനിലേക്കുള്ള വഴി മദ്ധ്യേ മോശ നാട്ടിയ പിത്തള സർപ്പത്തെ നോക്കി യിസ്രായേല്യർ പീഡയിൽ നിന്നും രക്ഷ പ്രാപിച്ചു (സംഖ്യ 21:9).

 

ഗോഗുൽത്തായിൽ നാട്ടിയ ക്രൂശ് തന്നെയാണ് നാം നോമ്പിന്റെ നടുവിൽ ദേവാലയമദ്ധ്യേ സ്ഥാപിച്ച് വണങ്ങുന്നതും, ദുഃഖവെള്ളിയാഴ്ച കുമ്പിട്ട് ചുംബിക്കുന്നതും. കർത്താവിന്റെ രക്ഷാകര ശക്തികളും സാന്നിധ്യവും കുരിശ് സംവഹിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് വിശ്വാസികൾ കുരിശിനെ വണങ്ങുന്നു. ഇത് വിഗ്രഹാരാധനയല്ല.

20.

നമ്മുടെ സഭയിൽ വിശ്വാസികൾ പട്ടക്കാരുടെ കൈ മുത്തുന്നതിന്റെ പ്രാധാന്യമെന്ത്?

+

വി. കുർബ്ബാനാനന്തരം വിശ്വാസികൾ ഓരോരുത്തരായി വന്ന് പട്ടക്കാരന്റെ വലതു കൈ മുത്തി പിരിഞ്ഞുപോകുന്നു. ഇതിൽ മൂന്ന് കാര്യങ്ങൾ അടങ്ങിയിരിക്കുന്നു.

 

1. വിശ്വാസികൾ പട്ടക്കാരോടുള്ള ഭക്തിയും ആദരവും രമ്യതയും സ്നേഹവും വ്യക്തിപരമായി പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണിത്.

 

2. പള്ളിയിൽ വന്നുചേർന്ന വിശ്വാസികളെ എല്ലാവരെയും ആരാധനാമധ്യേ ആളാംപ്രതി തിരിച്ചറിഞ്ഞ് അഭിവാദ്യം ചെയ്യുക സാധ്യമല്ലല്ലോ. എന്നാൽ കൈ മുത്തി കടന്നുപോകുമ്പോൾ വ്യക്തിപരമായി കാണുന്നതിനും തിരിച്ചറിയുന്നതിനും പരസ്പരം അഭിവാദ്യം അർപ്പിക്കുന്നതിനും അവസരം ഉണ്ടാകുന്നു.

 

3. പാശ്ചാത്യ സംസ്ക്കാരത്തിൽ പുരുഷന്മാർ സ്ത്രീകളുടെ കൈ ചുംബിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന രീതിയുണ്ട്. പ്രജകൾ രാജാവിന്റെ കൈ മുത്തി വിധേയത്വവും ബഹുമാനവും പ്രകടിപ്പിക്കുന്ന രീതിയും നിലനിന്നിരുന്നു. എന്നാൽ വിശ്വാസികൾ പട്ടക്കാരന്റെയോ മേല്പ്പട്ടക്കാരന്റെയോ കൈ മുത്തുന്നത് ഇക്കാരണങ്ങൾ കൊണ്ടല്ല. പട്ടക്കാരൻ/മേൽപ്പട്ടക്കാരൻ യേശുക്രിസ്തുവിന്റെ കൗദാശിക സാന്നിധ്യമാണ്. വി. കുർബ്ബാന അർപ്പിച്ച് കർത്താവിന്റെ തിരുശരീര രക്തങ്ങൾ വഹിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത അവരുടെ കൈകൾക്ക് പ്രത്യേക ദൈവിക ചൈതന്യമുണ്ട്. ആ കൈകൾ ചുംബിക്കുന്നത് അനുഗ്രഹമാകുന്നു.

 

മലങ്കരസഭയിൽ വി. കുർബ്ബാനയ്ക്കു ശേഷവും മറ്റ് ശുശ്രൂഷകൾക്കു ശേഷവും മാത്രമേ പട്ടക്കാരുടെ കൈമുത്തുന്ന പതിവുള്ളു. എന്നാൽ മേല്പ്പട്ടക്കാരുടെ കൈകൾ സാധാരണ കണ്ടുമുട്ടുന്ന സന്ദർഭങ്ങളിലും മുത്താറുണ്ട്. മറ്റ് പല പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ ഈ വ്യത്യാസം കാണുന്നില്ല. വിശ്വാസികൾ എല്ലാ അവസരങ്ങളിലും പട്ടക്കാരുടെയും മേല്പ്പട്ടക്കാരുടെയും വലതു കൈ ചുംബിക്കുന്നു.

 

നമ്മുടെ സഭയിൽ ചില പട്ടക്കാർ വിശ്വാസികളെ കുരിശു മാത്രം മുത്തിപ്പിക്കുന്നത് കാണാം. ഇത് ശരി തന്നെ. എന്നാൽ ഇതോടൊപ്പം കൈയും കൂടി മുത്തുന്നതിനുള്ള സന്ദർഭമായി കാണണം. പൗരസ്ത്യ സഭകളിൽ പട്ടക്കാർ/മേല്പ്പട്ടക്കാർ വിശുദ്ധ കുരിശോ ഐക്കണോ (പവിത്ര ചിത്രം) വഹിച്ചുകൊണ്ടു നിൽക്കുമ്പോൾ വിശ്വാസികൾ വി. കുരിശ് അല്ലെങ്കിൽ ഐക്കൺ മുത്തുന്നതോടൊപ്പം പട്ടക്കാരന്റെ കരം കൂടെ ചുംബിക്കുന്നു.

21.

ഞായറാഴ്ച ദിവസങ്ങളിൽ കുമ്പിടാത്തത് എന്തുകൊണ്ട്?

+

ഞായറാഴ്ച മാത്രമല്ല മോറോനോയോ (പ്രധാന) പെരുന്നാളുകളിലും ഉയിർപ്പ് മുതൽ പെന്തിക്കോസ്തി വരെയുള്ള ദിവസങ്ങളിലും വി. കുർബ്ബാന മദ്ധ്യേയും കുമ്പിടേണ്ടതില്ലെന്നാണ് നിർദ്ദേശം.

 

കുമ്പിടീൽ (സാഷ്ടാംഗ പ്രണാമം) അനുതാപത്തിന്റെ അനുഷ്ഠാനമാകുന്നു. എന്നാൽ ഞായറാഴ്ചയും മോറോനോയോ പെരുന്നാളും ഉത്സവദിനങ്ങളത്രെ. സന്തോഷമാണ് ഈ ദിവസങ്ങളുടെ അടിസ്ഥാന ഭാവം. അതുകൊണ്ട് കുമ്പിടീൽ വേണ്ടെന്ന് സഭ നിശ്ചയിച്ചിരിക്കുന്നു. നമ്മുടെ കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പ് എല്ലാ പെരുന്നാളുകളിലും വലിയ പെരുന്നാളത്രെ. എല്ലാ ഞായറാഴ്ചയും ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മയാണ് സഭ പുതുക്കുന്നത്. ഉയിർപ്പിന്റെ സന്തോഷം ഞായറാഴ്ച ദിവസങ്ങളിലും ഉയിർപ്പ് ഞായറാഴ്ച മുതൽ പെന്തിക്കോസ്തി ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലും നിറഞ്ഞു നിൽക്കുന്നു. പ്രധാന പെരുന്നാൾ ദിനങ്ങളിലും ഇതേ ഭാവം തന്നെയാണ് നിറഞ്ഞു നിൽക്കുന്നത്. എല്ലാ പെരുന്നാളുകളിലും അനുതാപത്തോടെയാണ് നാം സംബന്ധിക്കുന്നത്. അനുതാപത്തിന്റെ പ്രാർത്ഥനകൾ ചൊല്ലി നുറുങ്ങിയ ഹൃദയത്തോടെ പെരുന്നാളുകളിൽ സംബന്ധിക്കുന്നതിന് നാം ഒരുങ്ങുന്നു. എന്നാൽ ഞായറാഴ്ചകളുടെയും പ്രധാന പെരുന്നാളുകളുടെയും മുഖ്യമായ ഭാവം സന്തോഷത്തിന്റേതാണ്. ആയതിനാൽ ഈ ദിനങ്ങളിൽ കുമ്പിടേണ്ടതില്ല എന്ന് സഭ നിർദേശിക്കുന്നു. ഞായറാഴ്ചയും മോറോനായോ പെരുന്നാളുകളിലും ഉയിർപ്പുഞായറാഴ്ച മുതൽ പെന്തിക്കോസ്തി ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലും കുമ്പിടേണ്ടതില്ലെന്ന് അനുശാസിക്കുന്നതിന് മറ്റൊരു കാരണവും കൂടിയുണ്ട്. ഈ ദിനങ്ങളെല്ലാം ഉയിർത്തെഴുന്നേല്പിന്റെ ഓർമ്മയാണ് പുതുക്കുന്നതെന്ന് ഓർമ്മിപ്പിച്ചുവല്ലോ. ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ ശാരീരികനിലയും നിന്നുകൊണ്ടുള്ള ആരാധനയും തമ്മിൽ ശാരീരികതലത്തിൽ പരസ്പരം പൊരുത്തപ്പെട്ടിരിക്കുന്നു.

വി. കുർബാന അനുഭവിക്കുമ്പോൾ മുട്ടുകുത്തുന്ന പതിവ് പാശ്ചാത്യ സഭകളിലുണ്ട്. മധ്യകാല യുഗങ്ങളിൽ (12 മുതൽ 15 വരെ നൂറ്റാണ്ടുകൾ) പാശ്ചാത്യ സഭയിൽ ആവിർഭവിച്ചതാണ് ഈ പതിവ്. ആദിമ സഭയിൽ (പാശ്ചാത്യ സഭയിലും പൗരസ്ത്യ സഭയിലും) മുട്ടുകുത്തി വി. കുർബാന അനുഭവിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. പൗരസ്ത്യ സഭകൾ ഈ പാരമ്പര്യം ഇന്നും നിലനിർത്തിപ്പോരുന്നു. എല്ലാ പൗരസ്ത്യസഭകളിലും പുരോഹിതരായാലും വിശ്വാസികളായാലും നിന്നുകൊണ്ടാണ് വി. കുർബാന അനുഭവിക്കുന്നത്. ഇവിടെയെല്ലാം കർത്താവിന്റെ ഉയിർത്തെഴുന്നേല്പിന്റെ സന്തോഷത്തോടെ ആരാധനയിൽ സംബന്ധിക്കുകയും വി. കുർബാന അനുഭവിക്കുകയും ചെയ്യണമെന്ന തത്വം സഭ സ്വീകരിച്ചിരിക്കുന്നുവെന്ന് കാണാം.

22.

യേശുക്രിസ്തുവിന്റെയും കന്യകമറിയാമിന്റെയും തിരുഹൃദയങ്ങളോടു കൂടിയുള്ള ചിത്രങ്ങൾ ഉപയോഗിക്കാമോ?

+

തിരുഹൃദയങ്ങളോടു കൂടിയുള്ള ചിത്രങ്ങൾ ഓർത്തഡോക്സ് സഭാ പാരമ്പര്യത്തിൽ ഉപയോഗിക്കുന്നില്ല. കത്തോലിക്കാ (ലത്തീൻ) സഭയുടെ പാരമ്പര്യത്തിലുള്ളതാണത്. ആയതിനാൽ തിരുഹൃദയരൂപങ്ങൾ ഇല്ലാത്ത ചിത്രങ്ങൾ തിരഞ്ഞെടുത്ത് ഉപയോഗിക്കുകയാണ് വേണ്ടത്. മദ്ധ്യകാല യുഗങ്ങളിലാണ് (12 മുതൽ 15 വരെയുള്ള നൂറ്റാണ്ടുകൾ) തിരുഹൃദയ ആരാധന തുടങ്ങുന്നത്. കർത്താവിന്റെ ശാരീരിക ഹൃദയമാണ് ആരാധനയ്ക്ക് ഇവിടെ വിധേയമാക്കിയിരിക്കുന്നത്. യോഹന്നാന്റെ സുവിശേഷം 19:34-ല്‍ ‘പടയാളികളിലൊരുത്തൻ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്തു കുത്തി. ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു’ എന്നു കാണുന്നുണ്ടല്ലോ. പടയാളികൾ കുത്തിത്തുളച്ച ഹൃദയം ക്രിസ്തുവിന്റെ വീണ്ടെടുക്കുന്ന സ്നേഹത്തിന്റെ പ്രതീകമായി സങ്കല്പിച്ചുകൊണ്ട് തിരുഹൃദയം ആരാധനാപാത്രമാക്കിയിരിക്കുന്നു. കത്തോലിക്കാസഭ ക്രിസ്തുവിന്റെ പീഡാനുഭവത്തിന് ഉയിർപ്പിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നു. ഈ പാരമ്പര്യത്തോട് ബന്ധപ്പെട്ടാണ് തിരുഹൃദയ ആരാധനയും ആവിർഭവിച്ചത്. പൗരസ്ത്യസഭകൾ ക്രിസ്തുവിന്റെ ക്രൂശാരോഹണത്തെയും ഉയിർപ്പിനെയും പരസ്പരം സമന്വയിപ്പിച്ചു ചിന്തിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. മാത്രമല്ല, ക്രിസ്തുവിന്റെ ഉയിർപ്പിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഉയിർപ്പിലേക്ക് നയിക്കുന്ന സംഭവമാണ് ക്രൂശാരോഹണം. ഇക്കാരണത്താലാണ് ക്രൂശിതരൂപം വച്ചുള്ള കുരിശുകള്‍ ഓർത്തഡോക്സ് സഭകൾ ഉപയോഗിക്കാത്തത്. ക്രൂശ് ഓർത്തഡോക്സ് പാരമ്പര്യത്തിൽ ക്രൂശിതനായ ക്രിസ്തുവിനെ അനുസ്മരിക്കുന്നതിലേറെ മരണത്തെയും പൈശാചിക ആധിപത്യത്തെയും ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്നു. ഇതേ വീക്ഷണത്തിൽ നിന്നുകൊണ്ട് കുന്തംകൊണ്ട് തുളയ്ക്കപ്പെട്ട ഹൃദയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതരത്തിലുള്ള ചിത്രങ്ങൾ ഓർത്തഡോക്സ് സഭകൾ ആരാധനയ്ക്കായി ഉപയോഗിക്കുന്നില്ല. മാത്രമല്ല, ഒരു ആളത്വത്തിലെ ഒരു അവയവം മാത്രം എടുത്ത് അതിനു കൂടുതൽ പ്രാധാന്യം നല്കി ചിത്രീകരിക്കുന്ന രീതി വികലമായ ഒരു ഭക്തിഭാവമായിട്ടാണ് ഓർത്തഡോക്സ് സഭകൾ കാണുന്നത്.

bottom of page