ആരാധന , പഠനം ,സേവനം
യൗവ്വനകാലത്തു നിന്റെ സൃഷ്ടാവിനെ ഓർത്തു കൊള്ളുക എന്ന വേദവാക്യത്തെ അടിസ്ഥാനമാക്കി ആരാധന, പഠനം, സേവനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിച്ചു വരുന്ന ഒരു ആത്മീയ പ്രസ്ഥാനമാണ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം. സഭയുടെ ആരാധന പാരമ്പര്യത്തിൽ വേരുറപ്പിച്ച് വേദ പഠനത്തിലൂടെ ക്രൈസ്തവ മൂല്യങ്ങൾക്കനുസരിച്ച് സേവന തല്പരരായ ഒരു യുവജനതയെ വാർത്തെടുക്കുക എന്ന ഒരു കർത്തവ്യമാണ് യുവജന പ്രസ്ഥാനം നിർവഹിക്കുന്നത്.
സ്വർഗ്ഗം ഭൂമിയിൽ യഥാർത്തീകരിക്കപെടുന്ന അനുഭവമാണ് ആരാധന. ഓർത്തഡോക്സ് സഭയുടെ ആരാധനകൾ അർത്ഥവത്തായ പ്രാർത്ഥനകളാലും സ്വർഗ്ഗീയ ഗാനങ്ങളാലും സമ്പുഷ്ടമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള അകലം വർധിപ്പിക്കുന്നത് പാപമാണ്, ഈ അകൽച്ച നീക്കുവാൻ ആരാധനക്ക് കഴിയുന്നു. സഭയിലെ യുവജനങ്ങളെ ആരാധനയിലൂടെ ദൈവത്തിങ്കലേക്കു കൂടുതൽ അടുപ്പിക്കുവാൻ പ്രസ്ഥാനത്തിന് സാധിക്കുന്നു. മനുഷ്യന്റെ ഭൗതീകവും ആത്മീകവുമായ നിലനിൽപ്പും വളർച്ചയും സാമൂഹ്യബന്ധിതമായത് കൊണ്ട് ഒരുമിച്ചു കൂടിയുള്ള ആരാധനാനുഭവങ്ങളിലൂടെ പ്രസ്ഥാനം പ്രവർത്തകരെ അതിനു പ്രാപ്തരാക്കുന്നു.
ആധുനിക ലോകത്തിലെ പുത്തൻ ചിന്താധാരകളും അവയുടെ സ്വാധീനവും വിശകലനം ചെയ്യുവാനും, ആധുനിക സാങ്കേതിക വിദ്യകളെ പരിചയപെട്ട് അവ പൊതു നന്മക്കായി ഉപയോഗിക്കുവാനും, ഈ ലോകത്തിന്റെ കുടിലതകളും ചതിക്കുഴികളും തിരിച്ചറിയുന്നതിനും യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ക്ലാസ്സുകളിലൂടെയും ബോധവത്ക്കരണങ്ങളിലൂടേയും യുവതീയുവാക്കളെ പ്രാപ്തരാക്കുന്നു. ദൈവ കേന്ദ്രീകൃതമായ പഠനാനുഭവങ്ങളിലൂടെ അംഗങ്ങൾ ക്രിസ്തു ദർശനത്തിൽ പങ്കാളികളാവുന്നു.
സേവനമാണ് യുവജനപ്രസ്ഥാനത്തിന്റെ മുഖമുദ്ര. വി. യാക്കോബ് 1: 27 ഇൽ പറയുന്നത് പോലെ "ശുദ്ധവും നിർമ്മലവും ആയുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്ന് കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെ തന്നത്താൻ കാത്തു കൊള്ളുന്നതും ആകുന്നു. " ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കും ഭാരപ്പെടുന്നവർക്കും അത്താണിയായി വർത്തിക്കുന്നു. യവ്വനത്തിൽ തന്നെ സഹജീവികളോട് കരുണയും ദീനാനുകമ്പയും സഹായമനസ്കതയും ഉള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കന്നതിൽ യുവജനപ്രസ്ഥാനം വലിയൊരു പങ്കു വഹിക്കുന്നു.